തിരുവന്തപുരം : സിപിഎം–ബിജെപി സംഘർഷത്തിൽ യുവമോർച്ച–ആർഎസ്എസ് നേതാക്കളായ നാലു പേർക്കും രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകർക്കും മർദനമേറ്റു. ഞായർ രാത്രി 11 മണിയോടെ സിപിഎം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫിസിനു മുന്നിലായിരുന്നു സംഘർഷം. മർദനമേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. യുവമോർച്ച കള്ളിക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീജിത്(24) സെക്രട്ടറി ശ്രീലാൽ(28)മണ്ഡലം കമ്മിറ്റി അംഗം ജ്യോതിഷ്(22) ആർഎസ്എസ് ഖണ്ഡ് സഹ കാര്യവാഹക് വിഷ്ണു(26) എന്നിവർ കാട്ടാക്കട യിലെ സ്വകാര്യ ആശുപത്രിയിലും ഡിവൈഎഫ്ഐ കോവിൽവിള യൂണിറ്റ് കമ്മിറ്റി അംഗം മനു(28) ദീപു(26) എന്നിവർ കാട്ടാക്കട സർക്കാർ ആശുപത്രിയിലും ചികിത്സയിലാണ്.
ബിജെപി നേതാവും കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റുമായ പന്ത ശ്രീകുമാറിന്റെ മകൻ ചൂണ്ടുപലകയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവിടെ എത്തിയ പന്ത സ്വദേശികളായ യുവമോർച്ച പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിലായിരുന്നു സംഘർഷം. വെള്ളിയാഴ്ച ക്രിസ്ത്യൻ കോളജിൽ എസ്എഫ്ഐ പ്രവർത്തകരും കള്ളിക്കാട് സ്വദേശികളായ എബിവിപി പ്രവർത്തകരും തമ്മിൽ വാക്കേറ്റമാണ് സംഘർഷത്തിലേക്കു നയിച്ചത്. അന്നു വൈകിട്ട് കള്ളിക്കാട് പെട്രോൾ പമ്പിൽ വച്ചും ഇരു പക്ഷത്തേയും പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി . ഇതിന്റെ തുടർച്ചയായി സമീപ പ്രദേശങ്ങളിൽ ഒന്നിലേറെ തവണ ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു കഴിഞ്ഞ ദിവസത്തെ ആക്രമണം.
സിപിഎം–ബിജെപി സംഘർഷവുമായി ബന്ധപ്പെട്ട് 15 സിപിഎം പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്. ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് സെക്രട്ടറിയും സിപിഎം കാട്ടാക്കട ഏരിയ കമ്മിറ്റി അംഗവുമായ വി.വി.അനിൽകുമാർ ഉൾപ്പെടെ 15 പേർക്കെതിരെയാണ് വധശ്രമത്തിനു കേസെടുത്തത്. ഡിവൈഎഫ്ഐ–സിപിഎം പ്രവർത്തകരായ കിച്ചു, നന്ദു,കോവിൽവിള കിച്ചു,മനു എന്നിവരും പ്രതിപ്പടികയിലുണ്ട്. ഇവർക്ക് പുറമേ, കണ്ടാലറിയാവുന്ന 10 ഡിവൈഎഫ്ഐ–സിപിഎം പ്രവർത്തകരാണ് മറ്റ് പ്രതികളെന്നു പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി നടന്ന സംഘർഷത്തിൽ 3 യുവമോർച്ച പ്രവർത്തകർക്കും ഒരു ആർഎസ്എസ് പ്രവർത്തകനും മർദനമേറ്റു. യുവമോർച്ച കള്ളിക്കാട് പഞ്ചായത്ത് സെക്രട്ടറി ശ്രീലാലിനു തലയ്ക്കു പരുക്കുണ്ട്. ബിജെപി പ്രവർത്തകർ മർദിച്ചു എന്ന ഡിവൈഎഫ്ഐ നേതാക്കളുടെ പരാതിയിൽ അന്വേഷിച്ച ശേഷമേ കേസെടുക്കുന്നത് ആലോചിക്കുകയുള്ളൂ പൊലീസ് പറഞ്ഞു. ഇന്ന് വൈകിട്ട് 4ന് സർവകക്ഷിയോഗം ചേരും. ഡിവൈഎസ്പി എസ്.അനിൽകുമാറിന്റെ നേതൃത്വത്തിലാണ് യോഗം. ഇത് സംബന്ധിച്ച് കക്ഷി നേതാക്കൾക്ക് നോട്ടിസ് നൽകി.
രണ്ടാഴ്ചയ്ക്കിടെ കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കോവിൽവിള, മൈലോട്ടുമൂഴി, ആനാകോട്,പട്ടകുളം പ്രദേശങ്ങളിൽ സിപിഎം–ബിജെപി പ്രവർത്തകർ സ്ഥാപിച്ച കൊടിമരങ്ങളും ബോർഡുകളും നശിപ്പിക്കപ്പെട്ടു. ഒരാഴ്ച മുൻപ് സിപിഎം ഏരിയ സെക്രട്ടറിയുടെ മൈലോട്ടുമൂഴിയിലെ വീടിനു നേരെ കല്ലേറുണ്ടായി. ജനാല ചില്ലുകൾ തകർത്തു. കോവിൽ വിള,പട്ടകുളം,മൈലോട്ടു മൂഴി പ്രദേശങ്ങളിലെ ബിജെപി കൊടിമരങ്ങളും പതാകയും നശിപ്പിക്കപ്പെട്ടു. ഒരു കേസിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല. പ്രദേശത്ത് സമാധാന അന്തരീക്ഷം സ്ഥാപിക്കാനുള്ള നടപടികളും ഉണ്ടായില്ല. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്. കെഎസ്ആർടിസി ഡിപ്പോയിൽ അച്ഛനും മകൾക്കും മർദനമേറ്റ കേസിൽ പ്രതികളെ സഹായിച്ച പൊലീസിന്റെ നടപടി ഏറെ വിവാദമായിരുന്നു. ഈ സംഭവത്തിൽ ഇനിയും മൂന്നു പ്രതികളെ കൂടി പിടികൂടാനുണ്ട്.