പുതുവർഷത്തിൽ സംസ്ഥാനത്ത് അപകട പരമ്പര; പൊലിഞ്ഞത് ഏഴു ജീവനുകൾ

  • Home-FINAL
  • Business & Strategy
  • പുതുവർഷത്തിൽ സംസ്ഥാനത്ത് അപകട പരമ്പര; പൊലിഞ്ഞത് ഏഴു ജീവനുകൾ

പുതുവർഷത്തിൽ സംസ്ഥാനത്ത് അപകട പരമ്പര; പൊലിഞ്ഞത് ഏഴു ജീവനുകൾ


തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളിൽ ഏഴു പേർ മരിച്ചു. പുതുവർഷ പുലരിയില്‍ ന‍ടന്ന അഞ്ചു അപകടങ്ങളിലാണ് ഏഴു ജീവനുകൾ പൊലിഞ്ഞത്. ആലപ്പുഴ, പത്തനതിട്ട, ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളിലാണ് അപകടമുണ്ടായത്.

പത്തനംതിട്ടയിൽ തിരുവല്ലയിലും ഏനാത്തുമായിട്ടുണ്ടായ അപകടങ്ങളിലായി മൂന്നു പേരും ആലപ്പുഴയിൽ രണ്ടു പേരും ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഓരോരുത്തരമാണ് മരിച്ചത്. . തിരുവല്ലയിൽ‌ ബൈക്കില്‍ ടാങ്കർ‌ ലോറയിടിച്ചാണ് രണ്ടു പേർ മരിച്ചത്. ചിങ്ങവനം സ്വദേശികളാണ് മരിച്ചത്.ഞായറാഴ്ചപുലർ‌ച്ചെ ഒന്നരയോടെയായിരുന്നു അപകടം. വീട്ടിലേക്കുള്ള യാത്രയില്‍ യുവാക്കള്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ എതിര്‍ദിശയില്‍ വന്ന ടാങ്കര്‍ ലോറി ഇടിയ്ക്കുകയായിരുന്നു. ഏനാത്ത് പൊലീസ് സ്റ്റേഷന് സമീപ൦ ഇരുചക്രവാഹനം നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചായിരുന്നു രണ്ടാമത്തെ അപകടം. ഇലമങ്കലം സ്വദേശി തുളസീധരനാണ് മരിച്ചത്.

ആലപ്പുഴ തലവടിയിൽ പൊലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കളാണ് മരിച്ചത്. കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.30നാണ് അപകടം സംഭവിച്ചത്.ആലപ്പുഴ ബീച്ചിൽ പുതുവത്സരാഘോഷത്തിനെത്തിയതായിരുന്നു യുവാക്കൾ.ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പിയുടെ ജീപ്പാണ് ഇടിച്ചത്. ഡ്രൈവർ മാത്രമാണ് ജീപ്പിലുണ്ടായിരുന്നതെന്നാണ് വിവരം.

കോഴിക്കോട് കക്കോടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കക്കോടി സ്വദേശി ബിജു (42) ആണ് മരിച്ചത്. രാത്രി പത്രണ്ടരയോടെയായിരുന്നു അപകടം.അടിമാലിയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാര്‍ഥി മരിച്ചു. മലപ്പുറം സ്വദേശി മിൻഹാജ് ആണ് മരിച്ചത്. വിദ്യാര്‍ഥികള്‍ വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങവെ പുലര്‍ച്ചെ 1.15-ഓടെയാണ് അപകടം. ബസ്സിനടിയിൽ കുരുങ്ങിയ നിലയിലായിരുന്നു മിൽഹാജിന്റെ മൃതദേഹം. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വളാഞ്ചേരിയില്‍നിന്നുള്ള കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ നാൽപ്പതോളം വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.

Leave A Comment