ഖത്തർ: ഇതാ… അര്‍ജന്റീന…. ഇതാ….മെസ്സി…ഇതാ ലോകകിരീടം… മൂന്നാം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അര്‍ജന്റീന മികച്ച മുന്നേറ്റവുമായി കളം നിറഞ്ഞു. മൂന്നാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ് ഗോള്‍ശ്രമം നടത്തിയെങ്കിലും റഫറി ഓഫ്‌സൈഡ് ഫ്‌ലാഗുയര്‍ത്തി. അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനയുടെ മാക് അലിസ്റ്ററുടെ ഉഗ്രന്‍ ലോങ്‌റേഞ്ചര്‍ ഫ്രാന്‍സ് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് കൈയ്യിലാക്കി. ഒന്‍പതാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ കോര്‍ണര്‍ അര്‍ജന്റീന നേടിയെടുത്തു. പക്ഷേ അത് ഗോളവസരമാക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചില്ല.
17-ാം മിനിറ്റില്‍ മെസ്സി നല്‍കിയ പാസ് സ്വീകരിച്ച എയ്ഞ്ജല്‍ ഡി മരിയയ്ക്ക് ഓപ്പണ്‍ ചാന്‍സ് ലഭിച്ചിട്ടും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 20-ാം മിനിറ്റില്‍ ഫ്രാന്‍സിന് സുവര്‍ണാവസരം ലഭിച്ചു. ഗ്രീസ്മാന്റെ മനോഹരമായ ഫ്രീകിക്കിന് ജിറൂഡ് ഉയര്‍ന്നുചാടി ഹെഡ്ഡ് ചെയ്‌തെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
21-ാം മിനിറ്റില്‍ ബോക്‌സിനകത്തേക്ക് കുതിച്ച എയ്ഞ്ജല്‍ ഡി മരിയയെ ഔസ്മാനെ ഡെംബലെ വീഴ്ത്തിയതിനെത്തുടര്‍ന്ന് അര്‍ജന്റീനയ്ക്ക് റഫറി പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്തത് മറ്റാരുമല്ല സൂപ്പര്‍ താരം ലയണല്‍ മെസ്സി. 23-ാം മിനിറ്റില്‍ കിക്കെടുത്ത അര്‍ജന്റീന നായകന് തെറ്റിയില്ല. ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിനെ കബിളിപ്പിച്ചുകൊണ്ട് മെസ്സി പോസ്റ്റിന്റെ വലതുവശത്തേക്ക് പന്ത് അടിച്ചുകയറ്റിയപ്പോള്‍ ലുസെയ്ല്‍ സ്‌റ്റേഡിയം ആര്‍ത്തുലച്ചു. മെസ്സിയുടെ ടൂര്‍ണമെന്റിലെ ആറാം ഗോള്‍ കൂടിയാണിത്.
ഗോളടിച്ച ശേഷവും അര്‍ജന്റീന ആക്രമിച്ച് തന്നെയാണ് കളിച്ചത്. പ്രതിരോധത്തില്‍ അമിതമായി ശ്രദ്ധചെലുത്താന്‍ മെസ്സിയും സംഘവും ശ്രമിച്ചില്ല. അതിന്റെ ഭാഗമായി 36-ാം മിനിറ്റില്‍ അവര്‍ ലീഡുയര്‍ത്തി.
ഇത്തവണ സൂപ്പര്‍താരം ഏയ്ഞ്ജല്‍ ഡി മരിയയാണ് ടീമിനായി ഗോളടിച്ചത്. ഫൈനലില്‍ ആദ്യ ഇലവനില്‍ ടീമിലിടം നേടിയ ഡി മരിയ എന്തുകൊണ്ട് താന്‍ ഫൈനലുകളില്‍ താരമാകുന്നുവെന്ന് വീണ്ടും തെളിയിച്ചു. മെസ്സി തുടങ്ങിവെച്ച മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്.മെസ്സി മറിച്ചുനല്‍കിയ പാസ് സ്വീകരിച്ച അല്‍വാരസ് പന്ത് മാക് അലിസ്റ്റര്‍ക്ക് നല്‍കി. മാക് അലിസ്റ്റര്‍ പന്തുമായി അതിവേഗം മുന്നേറി. ശിഥിലമായിക്കിടന്ന ഫ്രഞ്ച് പ്രതിരോധത്തെ കീറിമുറിച്ചുകൊണ്ട് മാക് അലിസ്റ്റര്‍ മുന്നേറുകയും പന്ത് ഡി മരിയയ്ക്ക് നല്‍കുകയും ചെയ്തു. ഗോള്‍കീപ്പര്‍ ലോറിസ് മാത്രമാണ് അപ്പോള്‍ പോസ്റ്റിലുണ്ടായിരുന്നത്. ലോറിസിനെ കാഴ്ചക്കാരനാക്കി ഡി മരിയ ഗോള്‍വല തുളച്ചപ്പോള്‍ അദ്ദേഹം നിറകണ്ണുകളോടെ ആരാധകരെ അഭിസംബോധന ചെയ്തു. മെസ്സിയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെയ്ക്കുകയും ചെയ്തു.
മുന്നേറ്റനിര താളം തെറ്റുന്നതുകണ്ട ഫ്രാന്‍സ് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് രണ്ട് മാറ്റങ്ങള്‍ വരുത്തി. ഔസ്മാനെ ഡെംബലെ, ഒലിവിയര്‍ ജിറൂഡ് എന്നിവരെ തിരിച്ചുവിളിച്ച് പകരം മാര്‍ക്കസ് തുറാം, റന്‍ഡല്‍ കോലോ മുവാനി എന്നിവരെ കളത്തിലിറക്കി. ആദ്യപകുതിയില്‍ ഒരു ഗോള്‍ തിരിച്ചടിക്കാനായി ഫ്രാന്‍സ് പരമാവധി ശ്രമിച്ചെങ്കിലും അതെല്ലാം അര്‍ജന്റീന പ്രതിരോധം വിഫലമാക്കി.
രണ്ടാം പകുതിയില്‍ 49-ാം മിനിറ്റില്‍ ഡി മരിയയുടെ പാസ് സ്വീകരിച്ച റോഡ്രിഗോ ഡി പോള്‍ ഒരു തകര്‍പ്പന്‍ വോളിയിലൂടെ ഗോളാക്കാന്‍ ശ്രമിച്ചെങ്കിലും ലോറിസ് അത് കൈയ്യിലൊതുക്കി. 59-ാം മിനിറ്റില്‍ അല്‍വാരസ് പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും ലോറിസ് അത് രക്ഷപ്പെടുത്തി. 64-ാം മിനിറ്റില്‍ ഡി മരിയയെ പിന്‍വലിച്ച് അര്‍ജന്റീന അക്യൂനയെ കൊണ്ടുവന്നു.
71-ാം മിനിറ്റില്‍ പന്തുമായി മുന്നേറിയ എംബാപ്പെ പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 72-ാം മിനിറ്റില്‍ മെസ്സിയുടെ പാസ് സ്വീകരിച്ച് എന്‍സോ ഫെര്‍ണാണ്ടസ് പോസ്റ്റിലേക്ക് പന്ത് ലക്ഷ്യം വെച്ചെങ്കിലും ദുര്‍ബലമായ താരത്തിന്റെ ഷോട്ട് ലോറിസ് കൈയ്യിലൊതുക്കി.
79-ാം മിനിറ്റില്‍ ഫ്രാന്‍സിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. ബോക്‌സിനുള്ളില്‍ വെച്ച് കോലോ മുവാനിയെ ഒട്ടമെന്‍ഡി വീഴ്ത്തിയതിനെത്തുടര്‍ന്നാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. കിക്കെടുത്ത സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയ്ക്ക് തെറ്റിയില്ല. എമിലിയാനോ മാര്‍ട്ടിനസ്സിന്റെ വിരല്‍ത്തുമ്പുകളെ തലോടിക്കൊണ്ട് പന്ത് വലയിലെത്തി. 80-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്.
ഈ ഗോളിന്റെ ഞെട്ടല്‍ മാറുംമുന്‍പേ ഫ്രാന്‍സ് അടുത്തവെടി പൊട്ടിച്ചു. ഇത്തവണയും എംബാപ്പെ തന്നെയാണ് ഗോളടിച്ചത്. തുറാം ബോക്‌സിലേക്ക് ഉയര്‍ത്തിനല്‍കിയ പന്ത് തകര്‍പ്പന്‍ വോളിയിലൂടെ എംബാപ്പെ വലയിലാക്കി. 81-ാം മിനിറ്റിലാണ് താരം ഗോളടിച്ചത്. ഇതോടെ രണ്ട് മിനിറ്റിനുള്ളില്‍ രണ്ട് ഗോളുകള്‍ വഴങ്ങി അര്‍ജന്റീന ലീഡ് കളഞ്ഞുകുളിച്ചു.
മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ കിലിയന്‍ എംബാപ്പെ പന്തുമായി മുന്നേറി പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും റൊമേറോയുടെ കാലില്‍ തട്ടി പന്ത് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. രണ്ട് ഗോളടിച്ചതോടെ ഫ്രാന്‍സ് ശക്തിവീണ്ടെടുത്തു. ഇന്‍ജുറി ടൈമിന്റെ ഏഴാം മിനിറ്റില്‍ മെസ്സിയുടെ ഗോളെന്നുറച്ച ഷോട്ട് അത്യുജ്ജലമായി ലോറിസ് തട്ടിയകറ്റി. പിന്നാലെ നിശ്ചിത സമയം അവസാനിച്ചു.
എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ കാര്യമായ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. 104-ാം മിനിറ്റില്‍ പകരക്കാരനായി വന്ന ലൗട്ടാറോ മാര്‍ട്ടിനെസ്സിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ കിക്ക് ഉപമെക്കാനോ തടഞ്ഞു. പിന്നാലെ പരഡെസ് പോസ്റ്റിലേക്ക് ലോങ്‌റേഞ്ചര്‍ അടിച്ചെങ്കിലും വരാനെ അത്ഭുതകരമായി അത് തട്ടിയകറ്റി. ഇന്‍ജുറി ടൈമിന്റെ ആദ്യ പകുതിയുടെ അവസാന സെക്കന്‍ഡുകളില്‍ ലൗട്ടാറോയ്ക്ക് ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍നില്‍ക്കേ അവസരം ലഭിച്ചെങ്കിലും താരത്തിന് അത് മുതലാക്കാനായില്ല.
107-ാം മിനിറ്റില്‍ മെസ്സിയുടെ മികച്ച ലോങ്‌റേഞ്ചര്‍ ഒരുവിധം ലോറിസ് തട്ടിയകറ്റി. എന്നാല്‍ അര്‍ജന്റീനയുടെ പോരാട്ടവീര്യത്തിന് മെസ്സി അടിവരയിട്ടു. തകര്‍പ്പന്‍ ഗോളിലൂടെ. 108-ാം മിനിറ്റില്‍ മെസ്സിയിലൂടെ അര്‍ജന്റീന വീണ്ടും ലീഡെടുത്തു. അര്‍ജന്റീന ആരാധകരുടെ നിരാശ തച്ചുടച്ചുകൊണ്ട് മിശിഹ അര്‍ജന്റീനയുടെ വീരപുരുഷനായി അവതരിച്ചു. മെസ്സിയുടെ പാസില്‍ മാര്‍ട്ടിനെസ് പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും പന്ത് ലോറിസ് തട്ടിയകറ്റി. പന്ത് റീബൗണ്ടായി വന്നത് മെസ്സിയുടെ കാലിലേക്ക്. മെസ്സി പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തു. പന്ത് ബോക്‌സിനുള്ളില്‍വെച്ച് ഉപമെക്കാനോ തട്ടിയെങ്കിലും വാറിന്റെ സഹായത്തോടെ റഫറി ഗോള്‍ അനുവദിച്ചു. ഉപമെക്കാനോയുടെ ഗോള്‍ലൈന്‍ സേവിന് പോലും ഫ്രാന്‍സിനെ രക്ഷിക്കാനായില്ല.
എന്നാല്‍ 116-ാം മിനിറ്റില്‍ ഫ്രാന്‍സിന് വീണ്ടും സമനില നേടാനുള്ള അവസരം വന്നെത്തി. റഫറി പെനാല്‍റ്റി അനുവദിച്ചു. എംബാപ്പെയുടെ പോസ്റ്റിലേക്കുള്ള ഷോട്ട് മോണ്ടിയലിന്റെ കൈയ്യില്‍ തട്ടിയതിനെത്തുടര്‍ന്നാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. കിക്കെടുത്ത എംബാപ്പെയ്ക്ക് തെറ്റിയില്ല. അനായാസം പന്ത് വലയിലെത്തിച്ച് എംബാപ്പെ ഹാട്രിക്ക് തികച്ചു. 1966-ല്‍ ഇംഗ്ലണ്ടിന്റെ ജിയോഫ് ഹര്‍സ്റ്റിനുശേഷം ഇതാദ്യമായാണ് ഒരു താരം ലോകകപ്പ് ഫൈനലില്‍ ഗോളടിക്കുന്നത്.
മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ കോലോ മുവാനിയുടെ ഗോളെന്നുറച്ച ഷോട്ട് എമിലിയാനോ മാര്‍ട്ടിനെസ് അത്യുജ്ജലമായി തട്ടിയകറ്റി. ഇതോടെ മത്സരം അധികസമയവും സമനിലയില്‍ കലാശിച്ചു.
ഫ്രാന്‍സിനായി ആദ്യ കിക്കെടുത്ത എംബാപ്പെ അനായാസം ലക്ഷ്യം കണ്ടു. മാര്‍ട്ടിനെസ്സിന്റെ കൈയ്യില്‍ തട്ടിയാണ് പന്ത് വലയില്‍ കയറിയത്. അര്‍ജന്റീനയ്ക്കായി ആദ്യ കിക്കെടുത്ത മെസ്സിയും പിഴച്ചില്ല താരവും ലക്ഷ്യം കണ്ടു. ഫ്രാന്‍സിന്റെ രണ്ടാം കിക്കെടുത്ത കിങ്സ്ലി കോമാന്റെ കിക്ക് മാര്‍ട്ടിനെസ് തട്ടിയകറ്റി. പിന്നാലെ വന്ന ഡിബാല ലക്ഷ്യം കണ്ടതോടെ അര്‍ജന്റീന 2-1 ന് മുന്നില്‍ കയറി. ഫ്രാന്‍സിനായി മൂന്നാം കിക്കെടുത്ത ചൗമനിയുടെ ഷോട്ട് ഗോള്‍പോസ്റ്റിന് പുറത്തേക്ക് പോയി. പിന്നാലെ വന്ന പരഡെസ് കൂടി ലക്ഷ്യം കണ്ടതോടെ അര്‍ജന്റീന 3-1 ന് ലീഡെടുത്തു. നാലാം കിക്കെടുത്ത കോലോ മുവാനി ഫ്രാന്‍സിനായി ഗോള്‍ നേടിയതോടെ സ്‌കോര്‍ 3-2 ആയി. നാലാമത്തെ നിര്‍ണായക കിക്കെടുക്കാനായി വന്നത് മോണ്ടിയലാണ്. താരം ലക്ഷ്യം കണ്ടതോടെ അര്‍ജന്റീന 4-2 ന് വിജയം നേടി ലോകകിരീടത്തില്‍ മുത്തമിട്ടു. ചരിത്രം പിറന്നു…. മൂന്നാം കിരീടം… മെസ്സിയ്ക്കും കിരീടം.