പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബി.ബി.സി ഡോക്യുമെന്ററി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രദർശിപ്പിക്കുന്നതിനെതിരെ തിരുവനന്തപുരത്തും വയനാട്ടിലും പാലക്കാടും ബിജെപി പ്രതിഷേധം. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി . വിവാദ ഡോക്യുമെന്ററി പ്രദർശനത്തിൽ ബിജെപിയുടെ പ്രതിഷേധം തുടരുകയാണ്. പ്രവർത്തകർ ബാരിക്കേട് മറിക്കാൻ ശ്രമിച്ചതോടെ പൊലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചു. പൂജപ്പുരയിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഇപ്പോഴും ഉന്തും തള്ളും തുടരുകയാണ്. പ്രതിഷേധങ്ങൾക്കിടെ പൂജപ്പുരയിലെ ഡോക്യുമെന്ററി പ്രദർശനം അവസാനിച്ചു.വയനാട്ടിൽ ഡോക്യുമെന്ററി പ്രദർശനം നടക്കുന്ന സ്ഥലത്തേക്ക് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായെത്തി. പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറാവാത്തതിനാൽ അഞ്ച് ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി.
പാലക്കാട് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിച്ച് തുടങ്ങിയതോടെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയും പൊലീസ് അവരെ അറസ്റ്റ് ചെയ്ത് നീക്കി . പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റിലാണ് പ്രദർശനം തുടരുന്നത്. തിരുവനന്തപുരം പൂജപ്പുരയിലാണ് ഏറ്റവും കൂടുതൽ പ്രതിഷേധമുണ്ടായത്. വനിത പ്രവർത്തകയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പൂജപ്പുരയിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചത് 7 തവണയാണ്.