ബഹ്റൈനിൽ ഹജ്, ഉംറ കാര്യങ്ങളുടെ ഉന്നത സമിതിയുടെ ആദ്യ യോഗം ചേർന്നു. ബഹ്റൈൻ നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്‌മെന്റ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മാവ്ദ യോഗത്തിന്റെ അധ്യക്ഷനായി പങ്കെടുത്തു. ഹജ്ജ് തീർഥാടന സീസണുമായി ബന്ധപ്പെട്ട കരാറുകളിൽ ഒപ്പുവെക്കുന്നതിനും ഹജ്, ഉംറ സമ്മേളനത്തിലും പ്രദർശനത്തിലും പങ്കെടുക്കുന്നതിനുമായി ബഹ്റൈൻ പ്രതിനിധി സംഘം സൗദി അറേബ്യയിൽ നടത്തിയ സന്ദർശനത്തെക്കുറിച്ച് യോഗം അവലോകനം ചെയ്തു.ബഹ്‌റൈനിൽ നിന്നുള്ള , തീർഥാടകർക്ക് സേവനം നൽകുന്നതിന് ബഹ്‌റൈനും സൗദി അറേബ്യയും തമ്മിൽ നിലനിൽക്കുന്ന ഫലപ്രദമായ സഹകരണം കമ്മിറ്റി അംഗങ്ങൾ വിശദമാക്കി. കോവിഡിനു മുമ്പുള്ള തീർത്ഥാടന തലങ്ങളിലേക്ക് മടങ്ങാനുള്ള സൗദി അധികാരികളുടെ കഴിവിനെ അവർ പ്രശംസിച്ചു. ഉംറ നിർവഹിക്കുന്നവരുടെ ഇൻഷുറൻസ് തുക 63 ശതമാനവും തീർഥാടകരുടേത് 73 ശതമാനവും കുറയ്ക്കാനുള്ള സൗദിയുടെ ശ്രമങ്ങളെ യോഗം പ്രശംസിച്ചു.
തീർഥാടകരുടെ ക്യാമ്പുകളുമായും പുണ്യ സ്ഥലങ്ങളുമായും ബന്ധപ്പെട്ട സൗകര്യങ്ങൾ ഉൾപ്പെടെ ബഹ്‌റൈൻ തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും യോഗം ചർച്ച ചെയ്തു.