ഹരിവരാസനം പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു;

  • Home-FINAL
  • Business & Strategy
  • ഹരിവരാസനം പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു;

ഹരിവരാസനം പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു;


എല്ലാ മനുഷ്യരേയും ഒന്നായി കാണുന്ന ശബരിമല രാജ്യത്തിന് മാതൃക: മന്ത്രി കെ. രാധാകൃഷ്ണൻ

ജാതിക്കും മതത്തിനും ഭാഷയ്ക്കും പ്രദേശത്തിനും അതീതമായി എല്ലാ മനുഷ്യരേയും ഒന്നായി കാണുന്ന ശബരിമല രാജ്യത്തിനാകെ മാതൃകയായ പുണ്യഭൂമിയാണെന്ന് പട്ടികജാതി-പട്ടികവർഗ, പിന്നാക്കക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. 2023ലെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഹരിവരാസനം പുരസ്‌കാരം.
‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്’ എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശം അക്ഷരാർഥത്തിൽ നടപ്പിലാക്കിയ പുണ്യഭൂമിയാണ് ശബരിമല എന്നത് നമുക്ക് അഭിമാനമാണ്. എല്ലാ മനുഷ്യരും ഒന്നാവാനുള്ള അവസരമാണ് ശബരിമല നൽകുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിച്ച അതേ ദിവസമാണ് ക്ലാസ്മുറിയിൽ ദാഹജലം നിറച്ച ഗ്ലാസ് തൊട്ടതിന് അധ്യാപകൻ ഒരു കൊച്ചു ദലിത് പെൺകുട്ടിയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. എന്നാൽ, എല്ലാ മനുഷ്യരും ഒന്നാണെന്ന സന്ദേശമാണ് ശബരിമല നൽകുന്നത്.സാഹിത്യത്തിന്റെയും സിനിമയുടെയും എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച അത്യപൂർവ വ്യക്തിത്വമായ ശ്രീകുമാരൻ തമ്പിക്ക് ഈ പുരസ്‌കാരം നൽകുന്നതിൽ മലയാളത്തിന് അഭിമാനിക്കാമെന്ന് മന്ത്രി പറഞ്ഞു. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമുണ്ട് എന്ന് എഴുതിയതിലൂടെ അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായ ചിന്തയാണ് അദ്ദേഹം പകർന്നുനൽകിയത്. നമ്മുടെ നാട്ടിൽ തിരിച്ചുവരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ പ്രവർത്തനം നടത്തേണ്ട കാലഘട്ടമാണിത്-മന്ത്രി പറഞ്ഞു.
കോവിഡ് മാറിയതിനാൽ ശബരിമലയിൽ ഭക്തജന തിരക്ക് ഉണ്ടാവുമെന്ന് മുൻകൂട്ടി കണ്ടാണ് ഒരുക്കങ്ങൾ നടത്തിയതെന്ന് മന്ത്രി പറഞ്ഞു. തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ ഭക്തരെത്തിയത്. 45 ലക്ഷത്തിലധികം ഭക്തരാണ് ഇതുവരെ സന്നിധാനത്തെത്തിയത്. അവർക്ക് കൂടുതൽ സൗകര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കുക എന്നത് പ്രധാന ദൗത്യമാണ്. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ഭക്തർ എത്തിയപ്പോഴും അവർക്ക് എല്ലാ സൗകര്യങ്ങളും നൽകാൻ എല്ലാ വകുപ്പുകളും ഏകോപിച്ച് പ്രവർത്തിച്ചു. ശബരിമലയിൽ ഭക്തർ എല്ലാവരും സ്വയം നിയന്ത്രിക്കുക. ഇവിടെ എത്തുന്ന ഓരോ ഭക്തരും പുതിയ ആളായി, സമൂഹത്തിന് നന്മ ചെയ്യുന്നവരായി മാറുക-മന്ത്രി പറഞ്ഞു.
തനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരങ്ങൾക്കും മുകളിലാണ് ഹരിവരാസനം പുരസ്‌കാരത്തിന് നൽകുന്ന സ്ഥാനമെന്ന് മറുപടി പ്രസംഗത്തിൽ ശ്രീകുമാരൻ തമ്പി പറഞ്ഞു.പ്രമോദ് നാരായണൻ എംഎൽഎ അധ്യക്ഷനായി. എംപിമാരായ ആൻോ ആൻറണി, വി കെ ശ്രീകണ്ഠൻ എന്നിവർ മുഖ്യാതിഥികളായി. കെ യു ജനീഷ് കുമാർ എംഎൽഎ വിശിഷ്ടാതിഥിയായി. ദേവസ്വം സെക്രട്ടറി കെ ബിജു പ്രശസ്തിപത്ര പാരായണം നടത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. കെ. അനന്തഗോപൻ, ദേവസ്വം ബോർഡ് അംഗം അഡ്വ. എസ് എസ് ജീവൻ, ദേവസ്വം ബോർഡ് കമ്മീഷണർ ബിഎസ് പ്രകാശ്, റാന്നി പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി എസ് മോഹനൻ, ശബരിമല സ്പെഷൽ കമ്മീഷണർ ജില്ലാ ജഡ്ജി എം മനോജ്, ശബരിമല എഡിഎം പി വിഷ്ണുരാജ് എന്നിവർ സംസാരിച്ചു. സോപാന സംഗീതത്തോടെയാണ് ചടങ്ങിന് തുടക്കമായത്.

Leave A Comment