തിരുവനന്തപുരം: വിവാദമായ കെ റെയില്‍ പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ട്.ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന ഇരുന്നൂറോളം ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പിലേക്ക് തിരികെ വിളിക്കാനുള്ള ഉത്തരവ് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് പുറത്തിറക്കിയത്.
സാമൂഹികാഘാത പഠനത്തിനുള്ള പുനര്‍വിജ്ഞാപനം പദ്ധതിക്ക് കേന്ദ്ര റെയില്‍വേ ബോര്ഡിന്റെ അന്തിമാനുമതി ലഭിച്ച ശേഷം മാത്രമേ ഉണ്ടാവൂ. അതിന് ശേഷം ഭൂമി ഏറ്റെടുക്കുന്ന പ്രത്യേക സംഘങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചാല്‍ മതിയെന്ന തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. തിരികെ വിളിക്കുന്ന ഉദ്യോഗസ്ഥരെ അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കേണ്ട സര്‍ക്കാറിന്‍റെ മറ്റ് പദ്ധതികളിലേക്ക് പുനര്‍വിന്യസിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.കെ റെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കലിന് 11 ലാന്‍ഡ് അക്യുസിഷന്‍ യൂനിറ്റുകള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയത്. ഓരോ യൂനിറ്റിലും 11 ഉദ്യോഗസ്ഥര്‍ വീതം ഉണ്ടായിരുന്നു. ഒരു ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ ഏഴ് ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘം എറണാകുളം കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് യൂനിറ്റുകളുടെ കാലാവധി സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു.
ഭൂമിയേറ്റെടുക്കലിന് നിയോഗിച്ച ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും പുനര്‍വിന്യസിക്കാനുമുള്ള സര്‍ക്കാറിന്‍റെ നിര്‍ണായക തീരുമാനത്തിന് പിന്നാലെ സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് വിശദീകരിച്ച് കെ-റെയില്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നിര്‍ദിഷ്ട കാസര്‍കോട്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര സര്‍ക്കാറോ സംസ്ഥാന സര്‍ക്കാറോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നുമാണ് വാര്‍ത്തക്കുറിപ്പില്‍ കെ-റെയില്‍ വ്യക്തമാക്കിയത്.കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. റെയില്‍വേ ബോര്ഡിന്റെ അന്തിമാനുമതി കിട്ടുന്ന മുറക്ക് തുടര്‍നടപടികളിലേക്ക് കടക്കും. റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദാംശങ്ങള്‍ കെ-റെയില്‍ കോര്‍പറേഷന്‍ ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഹൈഡ്രോളജിക്കല്‍ പഠനം, സമഗ്ര പാരിസ്ഥിതി ആഘാത വിലയിരുത്തല്‍ പഠനം, കണ്ടല്‍ക്കാടുകളുടെ സംരക്ഷണം, തീരദേശ പരിപാലനം തുടങ്ങിയവ വിവിധ ഏജന്‍സികള്‍ പൂര്‍ത്തിയാക്കി വരുകയാണ്.
സില്‍വര്‍ ലൈന്‍ അലൈന്‍മെന്റില്‍ വരുന്ന റെയില്‍വേ ഭൂമിയുടെയും നിലവിലെ റെയില്‍വേ കെട്ടിടങ്ങളുടെയും റെയില്‍ ക്രോസുകളുടെയും വിശദ രൂപരേഖ സമര്‍പ്പിക്കാന്‍ റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളാണ് ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് കൈമാറിയത്. ഡി.പി.ആര്‍ പരിശോധിച്ച് ബോര്‍ഡ് ഉന്നയിച്ച മറ്റ് സംശയങ്ങള്‍ക്കെല്ലാം കെ-റെയില്‍ നേരേത്തതന്നെ മറുപടി നല്‍കിയിരുന്നു. പദ്ധതി കടന്നുപോകുന്ന ഒമ്ബത് ജില്ലകളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഭൂമി സില്‍വര്‍ ലൈനിന് ആവശ്യമായി വരുന്നുണ്ടെന്നും അധികൃതര്‍ വിശദീകരിച്ചിരുന്നത്.