തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ പൊതുജനങ്ങൾക്കായി തുറന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ നാലുവരി എലിവേറ്റഡ് ഹൈവേ ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് തുറന്നുകൊടുത്തത്. 2.72 കിലോമീറ്ററാണ് പാതയുടെ നീളം. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ദേശീയപാതാ അതോറിറ്റി മേൽപാലം തുറന്നത്. ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയുടെ തീയതി ലഭിക്കാത്തതിനാൽ എലിവേറ്റഡ് ഹൈവേ തുറക്കുന്നത് നീണ്ടുപോകുകയായിരുന്നു.ദേശീയപാത വികസനത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് എലിവേറ്റഡ് പാത പ്രഖ്യാപിച്ചത്. ദേശീയപാത 66 ൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കഴക്കൂട്ടം – മുക്കോല റീച്ചിന്റെ ഭാഗമാണ് കഴക്കൂട്ടത്തെ നാലുവരി എലിവേറ്റഡ് പാത. ദേശീയപാത അതോറിറ്റിക്കാണ് പാതയുടെ നിർമാണ ചുമതല. എലിവേറ്റഡ് പാത നിർമാണത്തിനുള്ള തുക 200 കോടി പൂർണമായും ദേശീയപാത അതോറിറ്റിയാണ് ചെലവഴിച്ചത്.2018ലാണ് പാതയുടെ നിർമാണം ആരംഭിച്ചത്. 200 കോടി രൂപയാണ് നിർമാണ ചെലവ്. ഇരുഭാഗത്തും 7.5 മീറ്ററിൽ സർവീസ് റോഡുണ്ട്. 61 തൂണുകളാണ് പാലത്തിനുള്ളത്. ഏകദേശം 220 ലൈറ്റുകൾ പാതയുടെ മുകൾ ഭാഗത്തും താഴെയുമായി സ്ഥാപിച്ചിട്ടുണ്ട്. ദേശീയപാത ബൈപാസും നഗരത്തിലൂടെയുള്ള പഴയ ദേശീയപാതയും സംഗമിക്കുന്ന ഏറ്റവും തിരക്കേറിയ കഴക്കൂട്ടം ജംഗ്ഷനിൽ പ്രവേശിക്കാതെയാണ് നാലുവരി എലിവേറ്റഡ് ഹൈവേ കടന്നുപോകുന്നത്. കൊല്ലം ഭാഗത്തു നിന്നെത്തുന്നവർക്ക് കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കു സമീപത്തു നിന്ന് ഹൈവേയിലേക്ക് കയറാം. നേരേ ടെക്നോപാർക്ക് ഫെയ്സ് 3 നു സമീപമാണ് പാത ചെന്നു നിൽക്കുക. കാര്യവട്ടം, ശ്രീകാര്യം തുടങ്ങിയ ഭാഗങ്ങളിലേക്കു പോകേണ്ടവർക്കു മാത്രമേ ഇനി കഴക്കൂട്ടം ജംഗ്ഷനിലേക്ക് കടക്കേണ്ടതുള്ളൂ.തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേക്ക് ജില്ലയുടെ വടക്കു ഭാഗത്തു നിന്നെത്തുന്നവർക്കു കഴക്കൂട്ടത്തെ തിരക്ക് ഒഴിവാകും. ടെക്നോപാർക്കിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, കോവളം, വിഴിഞ്ഞം ഭാഗങ്ങളിലേക്ക് പോകേണ്ടവർ, തിരുവനന്തപുരം നഗരത്തിലേക്ക് എത്തേണ്ടവർ തുടങ്ങിയവർക്ക് എലിവേറ്റഡ് ഹൈവേ ഏറെ ആശ്വാസമാകും. തിരുവനന്തപുരത്തു നിന്ന് കൊല്ലം ഭാഗത്തേക്കുള്ള യാത്രക്കാർക്കും പാത ആശ്വാസമാകും.