റിയാദ്: അർജന്റീനയ്‌ക്കെതിരായ സൗദി ദേശീയ ടീമിന്റെ വിജയത്തെ “ചരിത്ര ഞെട്ടലെന്നാണ്” ഫിഫ വിശേഷിപ്പിച്ചത്. മത്സരശേഷം ഫിഫ ട്വിറ്റർ അക്കൗണ്ടിൽ ഇങ്ങനെ എഴുതി: “ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഞെട്ടലുകളിൽ ഒന്ന്.”
2022 ലോകകപ്പിൽ ഗ്രൂപ്പ് സിയുടെ ആദ്യ റൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീനയെ തോല്പിച്ചത്.
ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ കണ്ണീർ വീഴ്ത്തി അട്ടിമറി വിജയം നേടിയ സൗദി ടീമിനെ കിരിടീവകാശി മുഹമ്മദ് ബിൻ സൽമാൻ അഭിനന്ദിച്ചു. “സൗദി ടീമിൻ്റെ നിശ്ചയദാർഢ്യം തുവൈഖ് പർവ്വതം പോലെയാണ്… ആ മല ഇടിഞ്ഞ് നിലംപൊത്തിയാലല്ലാതെ അവരുടെ നിശ്ചദാർഢ്യം തകരില്ല”-കിരീടാവകാശി പറഞ്ഞു. നിശ്ചയ ദാർഢ്യത്തോടെ അർജൻ്റീനിയൻ ടീമിനെ നേരിട്ട് പരാജയപ്പെടുത്തിയ സൗദി ടീമിനെ കിരീടാവകാശി അഭിനന്ദിച്ചു. സൗദി ടീമീൻ്റെ വിജയത്തിൽ രാജ്യത്തൊട്ടാകെ ആഘോഷം ആംരംഭിച്ചിട്ടുണ്ട്.
നേരത്തെ, ലോകമെമ്പാടുമുള്ള ആരാധകരുടെ കിരീട പ്രതീക്ഷകൾക്ക് നിറം പകർന്നാണ് ഖത്തർ ലോകകപ്പിലെ ഗോൾവേട്ടയ്ക്ക് പെനൽറ്റി ഗോളിലൂടെ അർജന്റീനയും മെസ്സിയും തുടക്കമിട്ടത്. ഈ ഗോളിനു ശേഷം മെസ്സി ഉൾപ്പെടെ മൂന്നു തവണ കൂടി പന്ത് സൗദി വലയിലെത്തിച്ചെങ്കിലും അതെല്ലാം ഓഫ്സൈഡ് കെണിയിൽ കുരുങ്ങിയത് അർജന്റീനയ്ക്ക് തിരിച്ചടിയായി. മറുവശത്ത്, അർജന്റീനയുടെ പേരും പെരുമയും വകവയ്ക്കാതെ പൊരുതിയ സൗദി അറേബ്യയും തീരെ മോശമാക്കിയില്ല. ഒന്നു രണ്ടു തവണ ഗോളിന് അടുത്തെത്തിയ അവർക്ക് ആദ്യ പകുതിയിൽ ഫിനിഷിങ്ങിലെ പോരായ്മകൾ വിനയായി.