തിരുവനന്തപുരം: സംസ്ഥാനത്ത് വരും മാസങ്ങളില്‍ വൈദ്യുതി നിരക്ക് കൂടും. ഫെബ്രുവരി 1 മുതല്‍ മേയ് 31 വരെ യൂണിറ്റിന് ഒന്‍പത് പൈസ നിരക്കിലാണ് വര്‍ധന.നാല് മാസത്തേക്ക് ഇന്ധന സര്‍ചാര്‍ജ് പിരിച്ചെടുക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന് ഉത്തരവിട്ടതിനാലാണ് നിരക്കുവര്‍ധന. പ്രതിമാസം 40 യൂണിറ്റ് വരെ അതായത് 1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വര്‍ധന ബാധകമല്ല.2022 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോര്‍ഡിന് അധികം ചെലവായ തുകയാണ് പിരിച്ചെടുക്കുന്നത്. 87.07 കോടി രൂപയാണ് പിരിച്ചെടുക്കുക. സര്‍ചാര്‍ജ് തുക ബില്ലില്‍ പ്രത്യേകം രേഖപ്പെടുത്തും.
യൂണിറ്റിന് 25 പൈസ വരെ അധികമായി ഈടാക്കാനായിന്നു വൈദ്യുതി ബോര്‍ഡിന്റെ ആവശ്യമെങ്കിലും കണക്കുകള്‍ പരിശോധിച്ച റെഗുലേറ്ററി കമ്മിഷന് ഈ ആവശ്യം തള്ളുകയും യൂണിറ്റിന് 9 പൈസ വച്ച് ഈടാക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു. ബോര്‍ഡ് സമര്‍പ്പിച്ച 2021ലെ സര്‍ചാര്‍ജിനുള്ള അപേക്ഷയും റെഗുലേറ്ററി കമ്മിഷന് തള്ളിക്കളഞ്ഞു.