ലൈഫ് മിഷന് കോഴ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എം ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തുമ്പോള്‍ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാത്രിയോടെയായിരുന്നു ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.1995 ബാച്ച് മുതല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിലുള്ള എം.ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും , ഐടി വകുപ്പ് സെക്രട്ടറിയുടെ പോര്‍ട്ട്ഫോളിയോയും പ്രവര്‍ത്തിച്ചിട്ടുണ്ട്.യു.എ.ഇ സഹായത്തോടെ തൃശൂരിലെ വടക്കാഞ്ചേരിയില്‍ ഫ്ളാറ്റ് നിര്‍മാണ പദ്ധതിയില്‍ കോഴ ഇടപാട് നടന്നെന്ന കേസിലാണ് ഇപ്പോള്‍ ഇ.ഡി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പദ്ധതിയില്‍ കരാര്‍ ലഭിക്കുന്നതിനായി നാല് കോടി 48 ലക്ഷം രൂപ കോഴയായി നല്‍കിയെന്ന് നിര്‍മാണ കരാര്‍ ഏറ്റെടുത്ത യൂണിടാക് ഉടമ സന്തോഷ് ഈപ്പന് വെളിപ്പെടുത്തിയിട്ടുണ്ട്. സന്തോഷ് ഈപ്പന്, സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, പി എസ് സരിത്, സന്ദീപ് നായര്‍ എന്നിവരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഇ ഡി ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തത്.