ഖത്തർ ലോകകപ്പിൽ സെർബിയക്കെതിരായ ആദ്യ മത്സരത്തിനിടെ പരുക്കേറ്റ നെയ്‌മർ പിന്നീട് ഇന്നലെ ദക്ഷിണ കൊറിയക്കെതിരായ പ്രീ ക്വാർട്ടറിലാണ് കളിച്ചത്. തിരിച്ചുവരവിൽ കളിയിലെ താരമായും നെയ്‌മർ മാറി. സെർബിയക്കെതിരെ പരുക്കേറ്റപ്പോൾ താൻ ഏറെ ഭയന്നു എന്ന് നെയ്‌മർ പറഞ്ഞു. പരുക്കേറ്റ ദിവസത്തെ രാത്രി ഏറെ പ്രയാസമായിരുന്നു. സംശയങ്ങൾ, പേടി. ഞാൻ നന്നായി കളിക്കുകയായിരുന്നു. നല്ല സീസണായിരുന്നു. എന്നിട്ട് അങ്ങനെ ഒരു പരുക്കേറ്റത് എന്നെ വിഷമിപ്പിച്ചു. എൻ്റെ കുടുംബത്തിനറിയാം. പക്ഷേ, എല്ലാം നന്നായി വന്നു. അന്ന് രാവിലെ 11 മണിവരെ ഉറങ്ങാതിരുന്ന് ഫിസിയോതെറാപ്പി ചെയ്തു. മറ്റ് ദിവസങ്ങളിൽ രാവിലെ 5, 6 മണി വരെ ഉറങ്ങാതിരുന്നു. ഈ ബുദ്ധിമുട്ടുകളെല്ലാം കിരീടം നേടുമ്പോൾ വിലയേറിയതാവും.”- നെയ്‌മർ പറഞ്ഞു.
അട്ടിമറികളുമായി പ്രീ ക്വാർട്ടറിൽ പ്രവേശിച്ച ഏഷ്യൻ കരുത്ത് കൊറിയയെ 4 ഗോളിൽ മുക്കി ബ്രസീൽ മിന്നും വിജയം നേടി. ആദ്യ പകുതിയിലെ ദയനീയ പ്രകടനത്തിന് ശേഷം രണ്ടാം പകുതിയിൽ ബ്രസീലിനെതിരെ ഒരു ഗോൾ മടക്കിയെങ്കിലും വിജയിക്കാൻ കൊറിയയ്ക്ക് അത് പോരായിരുന്നു. ക്രൊയേഷ്യ ആയിരിക്കും ബ്രസീലിന്റെ ക്വാർട്ടറിലെ എതിരാളികൾ.കൊറിയൻ കരുത്തിനെ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ 4 ഗോളുകളടിച്ച് ബ്രസീൽ പ്രതിരോധത്തിലാക്കിയിരുന്നു. വിനീഷ്യസും നൈമറും റിച്ചാർലിസനും പകേറ്റയുമാണ് ബ്രസീലിനായി ഗോളുകൾ നേടിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റിലാണ് വിനീഷ്യസ് ഗോൾ നേടിയത്. പതിനൊന്നാം മിനിറ്റിൽ പെനാൽറ്റിയിലൂടെ നൈമറും ഗോൾ കണ്ടെത്തുകയായിരുന്നു. മത്സരത്തിന്റെ 28ാം മിനിറ്റിലാണ് റിച്ചാർലിസന്റെ ഗോൾ പിറന്നത്. 36ാം മിനിറ്റിൽ വിനീഷ്യസിന്റെ പാസിൽ നിന്നുമാണ് പകേറ്റ ഗോൾ നേടിയത്. ഈ ലോകകപ്പിലെ റിച്ചാർലിസന്റെ മൂന്നാം ഗോളാണിത്.