ബ്രിട്ടിഷ് രാജാവ് ചാൾസ് മൂന്നാമനുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുകെയുടെ രാജാവായതിന് ശേഷം ചാൾസ് മൂന്നാമനുമായി മോദി നടത്തുന്ന ആദ്യ സംഭാഷണമാണിത് . സംഭാഷണത്തെ കുറിച്ചുള്ള വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. കാലാവസ്ഥ, പ്രതിരോധം , ജൈവവൈവിധ്യ സംരക്ഷണം, പരസ്പര താൽപര്യങ്ങൾ, പൊതുനന്മ തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
ഈ വിഷയങ്ങളിൽ ചാൾസ് രാജാവ് പ്രകടിപ്പിച്ച താത്പര്യത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ജി20 പ്രസിഡൻസിയിൽ ഇന്ത്യയുടെ മുൻഗണനകൾ ഏതൊക്കെ വിഷയങ്ങളിൽ ആണെന്നും പ്രധാനമന്ത്രി ചാൾസ് രാജാവിനോട് വിശദീകരിച്ചു. മിഷൻ ലൈഫിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി രാജാവിന് വിശദീകരിച്ചു . ഇതിലൂടെ പാരിസ്ഥിതികമായും സുസ്ഥിരമായുമുള്ള ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ആണ് ഇന്ത്യ ശ്രമിക്കുന്നതെന്നു പറഞ്ഞ മോദി പ്രകൃതിയോട് ചേർന്ന ജീവിതശൈലിയുടെ പ്രസക്തിയും വ്യക്തമാക്കി.ഇരു രാജ്യങ്ങളുടെയും ക്ഷേമത്തെക്കുറിച്ചും ഇരുവരും തമ്മിലുള്ള ബന്ധം എങ്ങനെ കൂടുതൽ ശക്തമാക്കാം എന്നതിനെ കുറിച്ചുമെല്ലാം ഇരുവരും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു. ഇന്ത്യൻ സമൂഹം ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പാലമാണെന്നും ഇവർ വിലയിരുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളർത്തുന്നതിൽ യുകെയിലെ ഇന്ത്യൻ സമൂഹത്തിൻറെ പങ്കാളിത്തത്തെയും ഇരുവരും അഭിനന്ദിച്ചു.
പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, രാജ്യ ക്ഷേമം എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചാൾസ് രാജാവുമായി ചർച്ച ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ചർച്ചക്കു ശേഷം പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. കൂടാതെ വളരെ വിജയകരമായ ഒരു ഭരണം നടത്താൻ സാധിക്കട്ടെ എന്നും രാജാവിനോട് പ്രധാനമന്ത്രി മോദി ആശംസിച്ചു. ഇന്ത്യ ജി-20 ഗ്രൂപ്പിൻറെ അധ്യക്ഷനായി ചുമതലയേറ്റതിൻറെ ഭാഗമായിരുന്നു ഇരുവരുടെയും സംഭാഷണം. സെപ്റ്റംബർ 9, 10 തീയതികളിലാണ് അടുത്ത യോഗം.