ലോകകപ്പ് ഫൈനലിന് കളിത്തട്ടുണരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി . മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് അർജന്‍റീനയും ഫ്രാൻസും ഇന്ന് കളത്തിലിറങ്ങുന്നത്. ഈ ലോകകപ്പിൽ അർജന്റീനയ്ക്ക് വേണ്ടി അവസാന മത്സരം കളിക്കുന്ന മെസിക്ക് വിജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാമാകില്ല.ലാറ്റിനമേരിക്കയിൽനിന്ന് മൂന്ന് ലോകകപ്പ് കിരീടം നേടുന്ന മൂന്നാമത്തെ ടീമാകുകയാണ് അർജന്‍റീനയുടെ ലക്ഷ്യം. 2014-ൽ നേരിയ വ്യത്യാസത്തിലാണ് അർജന്‍റീനയ്ക്ക് ലോകകപ്പ് നഷ്ടമായത്. എട്ട് വർഷത്തിന് ശേഷം, മെസ്സിയും അർജന്റീനയും വീണ്ടും ചരിത്രമെഴുതാനുള്ള പോരാട്ടത്തിലാണ് ഇന്ന്.ഈ ലോകകപ്പ് കിരീടം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളാണ്.
ഫിഫ ലോകകപ്പ് 2022 ഫൈനലിലെ വിജയിക്ക് 42 മില്യൺ ഡോളർ സമ്മാനത്തുക ലഭിക്കും, ഇത് ഏകദേശം 347 കോടി രൂപയോളം വരും. റണ്ണറപ്പിന് 30 മില്യൺ ഡോളർ അഥവാ 248 കോടി രൂപ ലഭിക്കും. ശനിയാഴ്ച രാത്രി 2-1ന് മൊറോക്കോയെ തോൽപ്പിച്ച് മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യയ്ക്ക് 27 മില്യൺ ഡോളറും (239 കോടി രൂപ) നാലാം സ്ഥാനത്തുള്ള മോറോക്കോയ്ക്ക് 25 മില്യൺ ഡോളറും (206 കോടി രൂപ) ലഭിക്കും.
ലോകകപ്പ് ഫൈനൽ കളിക്കാൻ കളത്തിലിറങ്ങുമ്പോൾ അർജന്റീനയിലെയും ഫ്രാൻസിലെയും താരങ്ങളുടെ മനസ്സിൽ ലഭിക്കാൻ പോകുന്ന പണത്തേക്കാൾ, ഫിഫയുടെ ആറുകിലോയോളം വരുന്ന തനിത്തങ്കത്തിൽ തീർത്ത ട്രോഫിയാകും ഉണ്ടാകുക.