പാലക്കാട്: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയെ കാണാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്ന ശശി തരൂര്‍ എം.പി. എത്തി. യാത്ര പാലക്കാട്ടേക്ക് കടന്നതിന് പിന്നാലെയാണിത്. തിങ്കളാഴ്ച രാവിലെയാണ് പട്ടാമ്പിയിലെ സ്വകാര്യ ഹോട്ടലിലേക്ക് തരൂര്‍ എത്തിയത്. കൂടിക്കാഴ്ചയ്ക്ക് തെരഞ്ഞെടുപ്പുമായി ബന്ധമൊന്നുമില്ലെന്ന് തരൂര്‍ പറഞ്ഞു.
രാജസ്ഥാന് മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് അശോക് ഗഹ്ലോത്തിനോടുള്ള ഹൈക്കമാന്‍ഡിന്റെ അതൃപ്തി കടുക്കുന്നതിനിടെയാണ് തരൂര്‍-രാഹുല്‍ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. ആരും ഔദ്യോഗികസ്ഥാനാര്‍ഥിയല്ലെന്നും ചിലരുടെ എതിര്‍പ്പിനെ കാര്യമായി എടുക്കുന്നില്ലെന്നും തരൂര്‍ പറഞ്ഞു.
”നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് അതിന് അംഗീകാരം ലഭിച്ചാലല്ലേ, ശരിക്കും സ്ഥാനാര്‍ഥി എന്നു പറയാനാകൂ. പക്ഷേ ഞാന്‍ പത്രിക വാങ്ങി. ജനങ്ങളെ കാണുന്നുണ്ട്, സംസാരിക്കുന്നുണ്ട്. നിങ്ങള്‍ പ്രതീക്ഷിച്ചോളൂ… മുപ്പതാം തീയതി വീണ്ടും സംസാരിക്കാം. കേരളത്തില്‍നിന്ന് നിശ്ചയമായും പലരും പിന്തുണ തരും. ചിലര്‍ക്ക് ആ താല്പര്യമില്ലെങ്കില്, does’nt matter. പാര്‍ട്ടിക്കകത്തും ജനാധിപത്യത്തില്‍ സ്വാഭാവികമായും അഭിപ്രായവ്യത്യാസങ്ങളുണ്ടാകാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലേ ?” – തരൂര്‍ ആരാഞ്ഞു. ചിലരുടെ പിന്തുണ നൂറുശതമാനം ഉണ്ട്. പല സ്ഥാനാര്‍ഥികള്‍ ഉണ്ടാവണമെന്നാണ് തന്റെ അഭ്യര്‍ഥന എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരിച്ചെത്തിയ ശേഷം സംസാരിക്കാമെന്ന് പറഞ്ഞാണ് തരൂര്‍, രാഹുല്‍ ഉണ്ടായിരുന്ന ഹോട്ടലിന് അകത്തേക്ക് പോയത്. രാഹുലുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് താന്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് പുറത്തെത്തിയ തരൂര്‍, യാത്ര ചെയ്ത് എത്തിയതിനാല്‍ രാഹുല്‍ കുറച്ചു വിശ്രമിക്കട്ടേ എന്നും അതിനു ശേഷം കൂടിക്കാഴ്ചയുണ്ടാകുമെന്നും പറഞ്ഞു. തിങ്കളാഴ്ച രണ്ടുമണി വരെ രാഹുലിന് പരിപാടികള്‍ ഒന്നുമില്ല. അതിനാല്‍ രണ്ടുമണിക്കുള്ളില്‍ വീണ്ടും തരൂര്‍-രാഹുല്‍ കൂടിക്കാഴ്ച നടന്നേക്കും.