സർവേ ആൻഡ് ലാൻഡ് രജിസ്‌ട്രേഷൻ ബ്യൂറോ പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാധികാരത്തിൽ, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ബോർഡ് ചെയർമാനും ആർഇഎഫ്എ യുടെ ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ ബഹ്‌റൈൻ റിയൽ എസ്റ്റേറ്റ് നിക്ഷേപ പ്രദർശനം 2023 ഉത്ഘാടനം ചെയ്തു.ഫെബ്രുവരി 11 വരെ ബഹ്‌റൈൻ സിറ്റി സെന്റർ മാളിൽ നടക്കുന്ന പ്രദർശനത്തിൽ ബഹ്‌റൈനിലെ പ്രമുഖ പ്രോപ്പർട്ടി ഡെവലപ്‌മെന്റ് കമ്പനികൾ പങ്കെടുക്കുന്നു.ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ , ബഹറിൻ കിരീടവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർ ബഹറിലെ വികസന പ്രവർത്തനങ്ങളിൽ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് നൽകുന്ന പിന്തുണയും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ എണ്ണ ഇതര മേഖലകളുടെ സംഭാവന വർദ്ധിപ്പിക്കുന്നതിന് ഈ മേഖലയെ നവീകരിക്കുന്നതിന് ലക്ഷ്യമിട്ടാണ് ഇത്തരം റിയൽ എസ്റ്റേറ്റ് പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ പറഞ്ഞു. അതോടൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം ആകർഷിക്കുന്നതിനും ബഹ്‌റൈൻ ഇക്കണോമിക് വിഷൻ 2030 നടപ്പാക്കുന്നതിനും , വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള സർക്കാർ നടപടികളും അദ്ദേഹം ചൂണ്ടിക്കാട്ടി.