ശബരിമല മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി രഥ ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും. തങ്ക അങ്കി ചാർത്തിയുള്ള മഹാദീപാരാധന ഇന്ന് വൈകിട്ട് നടക്കും. നാളെയാണ് മണ്ഡലപൂജ. 24 നാണ് ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽനിന്ന് തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടത്. തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകീട്ട് സന്നിധാനത്ത് എത്തും .പെരുന്നാട് നിന്ന് രാവിലെ ഏഴു മണിക്ക് തങ്ക അങ്കിയുമായുള്ള രഥം ശബരിമലയിലേക്ക് തിരിച്ചു .വൈകുന്നേരം 5.30ന് ശരംകുത്തിയിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ആചാരപൂർവം സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ തുടങ്ങിയവർ ചേർന്ന് പതിനെട്ടാംപടിക്കു മുകളിലായി കൊടിമരത്തിന് ചുവട്ടിൽ തങ്കയങ്കിയെ സ്വീകരിക്കും. 6.35 ന് ആണ് തങ്ക അങ്കി ചാർത്തിയുള്ള മഹാ ദീപാരാധന.നാളെ ഉച്ചയ്ക്ക് 12.30 നും 1 മണിക്കും ഇടയിലാണ് മണ്ഡല പൂജ.നാളെ രാത്രി ഹരിവരാസനം പാടി നടയടക്കുന്നതോടെ മണ്ഡലകാല തീർത്ഥാടനം അവസാനിക്കും. വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് നട തുറക്കുന്നതോടെ മകര വിളക്ക് ഉത്സവകാലത്തിന് തുടക്കമാകും.