ബഹ്റൈനിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നവീകരിച്ച ആക്സിഡന്റ് ആന്റ് എമർജൻസി ഡിപ്പാർട്ട്മെന്റ് ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. ബഹ്റൈൻ ആരോഗ്യകാര്യ സുപ്രീം കൗണ്‍സില്‍ ചെയര്മാന് മേജര്‍ ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ ഉദ്ഘാടനം ചെയ്തത്.ആരോഗ്യ മേഖലയില്‍ നിരവധി നവീകരണങ്ങളും മാറ്റങ്ങളുമാണ് രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിലവാരമുള്ള മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിവിധ സ്പെഷലിസ്റ്റ് ഡിപ്പാര്ട്മെന്റുകളിലടക്കം മികച്ച ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യം ലഭ്യമാക്കിയതായി ബഹ്റൈൻ ആരോഗ്യ മന്ത്രി ഡോ. ജലീല ബിന്ത് അസ്സയ്യിദ് ജവാദ് വ്യക്തമാക്കി. വ്യക്തികളുടെയും സമൂഹത്തിന്റെയും ആരോഗ്യം ശക്തിപ്പെടുത്തുന്നതിനായുള്ള പദ്ധതികളാവിഷ്കരിച്ച് മുന്നോട്ടുപോകുന്നതായും മന്ത്രി പറഞ്ഞു. രോഗികൾക്കുള്ള കിടക്കകളുടെ ശേഷി 80ൽ നിന്ന് 120 ആക്കി വർധിപ്പിക്കുകയും ,ഏഴ് കൺസൾട്ടേഷൻ റൂമുകൾ, 15 റിക്കവറി റൂമുകൾ, അഞ്ച് ട്രയേജ് റൂമുകൾ, മൂന്ന് ട്രീറ്റ്മെന്റ് റൂമുകൾ, കുട്ടികൾക്കുള്ള പ്രത്യേക യൂണിറ്റ്, 120 പേർക്ക് വെയ്റ്റിംഗ് ഏരിയ എന്നിവയാണ് പുതുതായി ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്.ദിവസേനേ 1300 ലധികം പേരാണ് സല്‍മാനിയ എമര്‍ജന്‍സിയില്‍ ചികിത്സ തേടിയെത്തുന്നത്.