മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകളാണെന്നും അദ്ദേഹം ആരോപിച്ചു. പട്ടികജാതി വിഭാഗക്കാരനെ പീഡിപ്പിച്ചുവെന്ന് പരാതിയിലോ, മൊഴിയിലോ എങ്ങും ഇല്ല. രാഷ്ട്രിയ വിരോധം തീർക്കാനുണ്ടാക്കിയ കള്ളക്കേസാണിത്. കെ. സുന്ദര സ്വമേധയാണ് പത്രിക പിൻവലിച്ചത്. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു..മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കം 6 പേർ കുറ്റക്കാരാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. ജില്ലാ സെഷൻസ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം നൽകിയിട്ടുള്ളത്.
എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വിവി രമേശൻ നൽകിയ പരാതിയിലാണ് ആദ്യം ലോക്കൽ പൊലീസ് ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീടാണ് കോടതിയുടെ അനുമതിയോടെ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തത്. എന്നാൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നു എന്ന തരത്തിൽ വലിയ ആരോപണം ഉയർന്നിരുന്നു. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നു എന്ന ആരോപണവുമായി കെ സുന്ദര ഉൾപ്പെടെ രംഗത്ത് വരുന്ന സാഹചര്യമുണ്ടായി.
അന്വേഷണം ആരംഭിച്ച് പതിനാറ് മാസത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. സ്ഥാനാർഥിത്വം പിൻവലിക്കാൻ കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും രണ്ടര ലക്ഷം രൂപ കോഴയായി നൽകിയെന്നുമാണ് കേസ്.