ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെ കേസെടുക്കുമ്പോൾ ശക്തമായ വകുപ്പുകൾ ചുമത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.സംസ്ഥാനത്ത് മുഴുവൻ പരിശോധനാ അധികാരമുള്ള സ്പെഷ്യൽ ടാസ്ക്ക് ഫോഴ്സ് രണ്ടുദിവസത്തിനകം രൂപീകരിക്കും. കാസർഗോഡ് മരണപ്പെട്ട കുട്ടി എവിടെ നിന്നാണ് ഭക്ഷണം കഴിച്ചത്, എന്നാണ് ഭക്ഷണം കഴിച്ചത്, ചികിത്സ തേടിയതിന്റെ വിവരങ്ങൾ തുടങ്ങിയവ ശേഖരിക്കാൻ നിർദ്ദേശം നൽകി. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടിയെടുക്കും. ഭക്ഷണത്തിൽ മായം കലർത്തിയ ശേഷം സ്ഥാപനം പൂട്ടിയാൽ വീണ്ടും തുറക്കൽ എളുപ്പമാകില്ലെന്നും മന്ത്രി വ്യക്തമാക്കി ഇന്ന് രാവിലെയാണ് ഭക്ഷ്യ വിഷബാധയേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം സംഭവിച്ചുവെന്ന വാർത്ത പുറത്ത് വരുന്നത്. കാസർഗോഡ് തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. കാസർഗോട്ടെ ഹോട്ടലിൽ നിന്ന് ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത ആരംഭിച്ചു. തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി.