സ്വകാര്യ മേഖലയില്‍ വികസിപ്പിച്ച ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റായ വിക്രം-എസ് വിക്ഷേപിച്ചു. സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് എന്ന സ്റ്റാര്‍ട്ടപ്പാണ് റോക്കറ്റ് വികസിപ്പിച്ചത്. ‘മിഷൻ പ്രാംരംഭ്’ എന്നാണ് ദൗത്യത്തിന് പേരു നൽകിയിരിക്കുന്നത്.റോക്കറ്റ് വികസനവും രൂപകല്‍പനയും ദൗത്യങ്ങളുമെല്ലാം ഏകോപിപ്പിച്ചിരിക്കുന്നത് ഐഎസ്ആർഒയാണ്. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനും വിഖ്യാത ശാസ്ത്രജ്ഞനുമായ ഡോ.വിക്രം സാരാഭായിയോടുള്ള ആദരസൂചകമായാണ് സ്കൈറൂട്ട് എയ്‌റോസ്‌പേസ് നിർമിക്കുന്ന വിക്ഷേപണ വാഹനങ്ങൾക്ക് വിക്രം എന്ന് പേരിട്ടിരിക്കുന്നത്.ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രമോഷൻ ഓതറൈസേഷൻ സെന്ററുമായുള്ള (ഇൻസ്‌പേസ്) കരാർ പ്രകാരമാണ് രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചത്.290 കിലോഗ്രാം ഭാരം 500 കിലോമീറ്റർ അകലെയുള്ള സൺ സിംക്രണൈസ്ഡ് പോളാർ ഓർബിറ്റിൽ എത്തിയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിക്രം ഒന്ന് രൂപകൽപന ചെയ്തിട്ടുള്ളത്. വിക്രം രണ്ട്, മൂന്ന് സീരീസുകളും സ്‌കൈറൂട്ട്‌സ് തയ്യാറാക്കുന്നുണ്ട്.