തിരുവനന്തപുരം: എന്തും വിളിച്ച് പറഞ്ഞിട്ട് വൈകിട്ടൊരു മാപ്പെഴുതി വെക്കുന്നത് താന്‍ അംഗീകരിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍.വിഴിഞ്ഞം സമരത്തിന് നേതൃത്വം കൊടുക്കുന്ന ഫാദര്‍ തിയോഡിഷ്യസ് ഡിക്രൂസ് തന്നെ തീവ്രവാദിയെന്ന് വിളിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നത് രാജ്യദ്രോഹമായി കാണണം എന്നാണ് താന്‍ പറഞ്ഞതെന്നും അത് എപ്പോഴും പറയുമെന്നും മന്ത്രി അബ്ദുറഹ്മാന്‍ പറഞ്ഞു. ‘നാവിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ച് പറഞ്ഞിട്ട് വൈകിട്ടൊരു മാപ്പെഴുതിയാല്‍ പൊതുസമൂഹം അത് അംഗീകരിക്കുമെങ്കില്‍ അംഗീകരിക്കട്ടെ. ഞാന്‍ അതൊന്നും സ്വീകരിച്ചിട്ടില്ല’ -മന്ത്രി പറഞ്ഞു.
‘മന്ത്രിയുടെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെ’ന്നായിരുന്നു ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിന്റെ വിവാദ പരാമര്‍ശം. ‘അബ്ദുറഹ്മാന്റെ പേരില്‍ തന്നെ ഒരു തീവ്രവാദിയുണ്ട്. മത്സ്യത്തൊഴിലാളികളുടെ കാര്യങ്ങള്‍ നോക്കേണ്ട മന്ത്രിയാണദ്ദേഹം. പക്ഷേ ആ വിടുവായനായ അബ്ദുറഹ്മാന്‍ അഹമ്മദ് ദേവര്‍കോവിലിന് വേണ്ടിയാണ് സംസാരിക്കുന്നത്. രാജ്യദ്രോഹം ചെയ്തത് ആരാണെന്ന് വിഴിഞ്ഞത്ത് നടന്ന സമരത്തില്‍ നിന്ന് മനസിലാകും. അബ്ദുറഹ്മാന്റെ ഗുണ്ടകളെ അഴിഞ്ഞാടാന്‍ വിട്ടതുകൊണ്ടാണ് മത്സ്യത്തൊഴിലാളികള്‍ നിഷ്‌കരുണം അടികൊള്ളേണ്ടി വന്നത് -ഫാദര്‍ പറഞ്ഞു. വംശീയ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.
പിന്നീട്, തീവ്രവാദി പരാമര്‍ശം പെട്ടെന്നുണ്ടായ വികാര വിക്ഷോഭത്തില്‍ സംഭവിച്ച നാക്കുപിഴയാണെന്നും പരാമര്‍ശം പിന്‍വലിക്കുന്നതായും വിശദീകരിച്ച് ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് രംഗത്തെത്തിയിരുന്നു. വിഴിഞ്ഞം സമരസമിതി അംഗങ്ങളും മത്സ്യത്തൊഴിലാളികളും ദേശദ്രോഹികളും രാജ്യവിരുദ്ധരുമാണെന്ന മന്ത്രിയുടെ പ്രസ്താവന സ്വാഭാവികമായി തന്നില്‍ സൃഷ്ടിച്ച വികാര വിക്ഷോഭമാണ് അദ്ദേഹത്തിനെതിരെ നടത്തിയ പരാമര്‍ശം. അബ്ദുറഹ്മാന്‍ എന്ന പേരില്‍ തന്നെ തീവ്രവാദിയുണ്ട് എന്ന പരാമര്‍ശം നിരുപാധികം പിന്‍വലിക്കുന്നു -ഫാദര്‍ ഡിക്രൂസ് പ്രസ്താവനയില്‍ പറഞ്ഞു.