കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ കാസർഗോഡ് വരെ സർവീസ് നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിനിന്റെ വേഗം കൂട്ടാന്‍ രണ്ട് ഘട്ടങ്ങളായി ട്രാക്കുകള്‍ പരിഷ്‌കരിക്കുമെന്നും മണിക്കൂറിൽ 70 മുതൽ 110 കിലോമീറ്റർ വരെ വിവിധ മേഖലകളിൽ വേഗത വർധിപ്പിക്കുമെന്നും റെയിൽവേ മന്ത്രി അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ട്രാക്കുകളുടെ നവീകരണം നടക്കുകയെന്നും 381 കോടി രൂപയാണ് ആദ്യ ഘട്ടത്തിനായി അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ട്രെയിനിന് വേഗതയുണ്ടെങ്കിലും നിലവിലെ ട്രാക്കുകളുടെ ക്ഷമത കണക്കിലെടുത്താണ് വേഗത കുറച്ചിരിക്കുന്നത്. ട്രാക്കുകളുടെ നവീകരണം ഉടനടി നടത്താനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ട്രാക്കുകളുടെ നവീകരണം. ഒന്നാംഘട്ടത്തിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ ഓടിക്കാൻ സൗകര്യം ഒരുക്കും. ഒന്നരവർഷം കൊണ്ട് ഒന്നാംഘട്ടം പൂർത്തിയാക്കും. രണ്ടാംഘട്ടത്തിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത ലഭിക്കും. 160 കിലോമീറ്റർ വേഗമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.