ബലിപെരുന്നാളിന് ഒരുങ്ങി ഗൾഫ് രാജ്യങ്ങൾ

ബലിപെരുന്നാളിന് ഒരുങ്ങി ഗൾഫ് രാജ്യങ്ങൾ


സൗദിയിലെ മക്കയിൽ ഹജ് കർമങ്ങൾക്കുള്ള ഒരുക്കം പൂർത്തിയാകുമ്പോൾ ഗൾഫ് രാജ്യങ്ങളെല്ലാം ബലി പെരുന്നാളാഘോഷിക്കാനുള്ള തയ്യാറെടുപ്പിലുമാണ്. ഹജ് കർമങ്ങൾക്ക് സമാപനം കുറിക്കുന്ന അറഫാ ദിനത്തിന്റെ പിറ്റേന്നാണ് മുസ്ലിം സമൂഹം ത്യാഗസ്മരണകളുമായി ബലി പെരുന്നാൾ ആഘോഷിക്കുന്നത്.ഇന്ന്(27)ന് ദുൽ ഹജ് മാസപ്പിറവി കാണാൻ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ പൊതുജനങ്ങളോടും ആഹ്വാനം ചെയ്തിട്ടുണ്ട്. ജൂൺ ആറിന് ബലി പെരുന്നാൾ ആകാനാണ് ജ്യോതിശാസ്ത്രജ്ഞരും ചാന്ദ്ര ദർശന സമിതികളും സാധ്യത കൽപിക്കുന്നത്. ദുൽ ഹജ് മാസത്തിലെ പത്താം തീയതിയാണ് ഹജ് തീർഥാടനത്തിന്റെ സമാപനവും ബലി പെരുന്നാളിന്റെ ആരംഭവും. എന്നാൽ, ഈ തീയതി ദുൽ ഹജ് മാസത്തിന്റെ ചന്ദ്രദർശനത്തെ ആശ്രയിച്ചിരിക്കുന്നു.ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഇപ്രാവശ്യം നാല് ദിവസം ബലി പെരുന്നാൾ അവധി ലഭിക്കുമെന്നാണ് പ്രവാസികൾ പ്രതീക്ഷിക്കുന്നത്. ഇത് മാസപ്പിറവി കാണുന്നതിനനുസരിച്ച് ജൂൺ ആറോ ഏഴോ മുതലായിരിക്കും. പ്രവാസികൾ പലരും വാർഷിക അവധിയും ചേർത്ത് 9 മുതൽ 16 ദിവസങ്ങളോളം അവധി നീട്ടാൻ പദ്ധതിയിടുന്നു. വിമാനക്കൂലി വളരെ കൂടുതലായതാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാരെ പെരുന്നാളാഘോഷിക്കാൻ നാട്ടിലേക്ക് പോകുന്നതിൽ നിന്ന് വിലക്കുന്നത്.

Leave A Comment