ബഹ്റൈൻ പ്രതിഭ റിഫ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2025 ജനുവരി മുതൽ നടന്നു വരുന്ന അരങ്ങ് 2025 എന്ന കലാ കായിക സാഹിത്യ രചന മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെ മെയ് 30 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ സൽമാബാദിലെ ഗൾഫ് എയർ ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലറിയിച്ചു. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഡോ:ജാസി ഗിഫ്റ്റ് നയിക്കുന്ന സംഗീത നിശയും മറ്റു കലാ പരിപാടികളും ഫിനാലെയുടെ ഭാഗമായി അവതരിപ്പിക്കും.
പ്രതിഭയുടെ റിഫ മേഖലയിലെ ഏഴ് യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള നിരവധിയായ കലാ, കായിക , സാഹിത്യ മത്സരങ്ങളാണ് കഴിഞ്ഞ നാല് മാസക്കാലയളവിൽ സംഘടിപ്പിക്കപ്പെട്ടത്. പ്രദേശത്തെ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സർഗ്ഗാത്മകതയെ പരിപോഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും അരങ്ങ് 2025 എന്ന പരിപാടിയിലൂടെ സാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്നും സംഘാടകർ അറിയിച്ചു.
മെയ് 30 വെള്ളിയാഴ്ച വൈകുന്നേരം 5 മണിമുതൽ നടക്കുന്ന ഗ്രാൻഡ്ഫിനാലെയിലേക്ക് മുഴുവൻ കലാപ്രേമികളേയും ക്ഷണിക്കുന്നതായും , പ്രവേശനം തീർത്തും സൗജന്യമായിരിക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർപേഴ്സ്ൻ ഷീബ രാജീവൻ , ജനറൽ കൺവീനർ ജയേഷ് വി കെ , പ്രതിഭ റിഫ മേഖല സെക്രട്ടറി മഹേഷ് കെ വി , പ്രസിഡണ്ട് ഷിജു പിണറായി , ട്രഷറർ ബാബു വി ടി എന്നിവർ സംബന്ധിച്ചു.