ബഹ്‌റൈൻ പ്രതിഭ സോക്കർകപ്പ് സീസൺ – 3 ‘ഗ്രീൻ സ്റ്റാർ ബോയ്സ് ‘ ജേതാക്കൾ

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ പ്രതിഭ സോക്കർകപ്പ് സീസൺ – 3 ‘ഗ്രീൻ സ്റ്റാർ ബോയ്സ് ‘ ജേതാക്കൾ

ബഹ്‌റൈൻ പ്രതിഭ സോക്കർകപ്പ് സീസൺ – 3 ‘ഗ്രീൻ സ്റ്റാർ ബോയ്സ് ‘ ജേതാക്കൾ


ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിച്ച സോക്കർ കപ്പ് സീസൺ 3ൽ ഗ്രീൻ സ്റ്റാർ ബോയ്സ് ബഹ്‌റൈൻ (ജിഎസ്ബി എഫ്.സി) ജേതാക്കളായി. അൽ അഹ്‍ലി ക്ലബ് സ്റ്റേഡിയത്തിൽ വച്ച് നടന്ന ഫൈനൽ മത്‌സരത്തിൽ കൊണ്ടോട്ടി എഫ് സി കെഎംസിസി യെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ജിഎസ്ബി എഫ് സി ജേതാക്കളായത്.

പ്രതിഭ കായികവേദി ബഹ്‌റൈൻ കെഎഫ്എയുമായി കൂടി ചേർന്ന് സംഘടിപ്പിച്ച ടൂർണമെന്റിൽ പതിനാറ് ടീമുകൾ പങ്കെടുത്തു. വെള്ളിയാഴ്ച നടന്ന ആദ്യ സെമി ഫൈനലിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ജിഎസ്ബി എഫ് സി കേരള യുണൈറ്റഡ് എഫ് സി യെ പരാജയപ്പെടുത്തി. തുടർന്ന് നടന്ന രണ്ടാം സെമിയിൽ യുണൈറ്റഡ് എഫ്.സി റിഫയും, കൊണ്ടോട്ടി എഫ്.സി കെഎംസിസിയും തമ്മിൽ നടന്ന മത്സരം നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയിൽ പിരിയുകയും തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാലു ഗോളുകൾക്ക് കൊണ്ടോട്ടി എഫ്.സി കെ.എം.സി.സി വിജയിക്കുകയും ചെയ്തു.

ജിഎസ്ബി എഫ് സിയുടെ അജ്മൽ ടൂർണമെന്റിലെ ബെസ്റ്റ് പ്ലെയർ, ടോപ് സ്‌കോറർ , മാൻ ഓഫ് ദി മാച്ച് , ഫസ്റ്റ് ഗോൾ ഫോർ ദി ഫൈനൽ എന്നീ പുരസ്‌കാരങ്ങൾക്ക് അർഹനായപ്പോൾ ജിഎസ്ബി എഫ് സിയുടെ തന്നെ ഷിബിൻ ബെസ്റ്റ് ഡിഫൻഡറായും കൊണ്ടോട്ടി എഫ് സി കെഎംസിസിയുടെ പ്രജിത്ത് മികച്ച ഗോൾകീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.

ഫൈനൽ മത്സരത്തിന് ശേഷം നടന്ന ഔദ്യോഗിക ചടങ്ങിൽ വച്ച് ചാമ്പ്യന്മാർക്കുള്ള ട്രോഫി പ്രതിഭ മുഖ്യരക്ഷാധികാരി പി ശ്രീജിത്തും പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മോറാഴയും ചേർന്ന് കൈമാറി. വിജയികൾക്കുള്ള ക്യാഷ് വൗച്ചർ പ്രതിഭ രക്ഷാധികാരി കമ്മിറ്റി അംഗം സുബൈർ കണ്ണൂർ കൈമാറി.

റണ്ണർ അപ്പ് ട്രോഫി കെ.എഫ്.എ സെക്രട്ടറി സജാദ് സുലൈമാനും പ്രസിഡണ്ട് അര്‍ഷാദ്‌ അഹമദും , ക്യാഷ് വൗച്ചർ പ്രതിഭ രക്ഷാധികാരി കമ്മിറ്റി അംഗം സി വി നാരായണനും സമ്മാനിച്ചു. ടൂർണമെന്റിൽ ഉടനീളം നല്ല പ്രകടനം കാഴ്ചവെച്ച ടീമിനുള്ള ‘ഫെയർ പ്ലേ’ അവാർഡ് സെൻട്രൽ എഫ്.സി കാലിക്കറ്റിന് പ്രതിഭാ പ്രസിഡണ്ട് ബിനു മണ്ണിൽ കൈമാറി. മറ്റു വിവിധ വിഭാഗങ്ങളിൽ പെട്ട സമ്മാനങ്ങൾ പ്രതിഭയുടെ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ , കായിക വേദി അംഗങ്ങൾ, സംഘാടക സമിതി അംഗങ്ങൾ, പ്രതിഭ വനിതാ വേദി അംഗങ്ങൾ ചേർന്ന് കൈമാറി. സോക്കർ കപ്പ് സീസൺ 3ന്റെ മുഖ്യ സ്പോൺസർമാരായ ഫർസാന ഗ്രൂപ്പിൻറെ മാനേജിംഗ് ഡയറക്ടർ രശ്മി രാമചന്ദ്രൻ, മഹേഷ് യോഗിദാസൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഔദ്യോഗിക ചടങ്ങുകൾക്ക് കായികവേദി ജോയിന്റ്‌ കൺവീനർ ശർമിള നന്ദി രേഖപ്പെടുത്തി. സെമി ഫൈനൽ – ഫൈനൽ മത്സരങ്ങൾക്കിടയിൽ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള പ്രതിഭയുടെ കലാകാരന്മാർ അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികൾ കാണികൾക്ക് വ്യത്യസ്തമാർന്ന അനുഭവം സമ്മാനിച്ചു.

സംഘാടക സമിതി രാജേഷ് ആറ്റടപ്പ ചെയർ പേഴ്സനും ,നൗഷാദ് പൂനൂർ ജനറൽ കൺവീനറും , ശ്രീരാജ് കാന്തലോട്ട്, അഫീഫ് പരപ്പനങ്ങാടി എന്നിവർ ജോ:കൺവീനർമാരുമായ 75 അംഗ സംഘടകസമിതിയാണ് സോക്കർകപ്പ് സീസൺ 3ക്ക് പുറകിൽ പ്രവർത്തിച്ചത്. കേന്ദ്ര കായികവേദി കൺവീനർ ഷിജുവും,കായിവേദിയുടെ ചുമതലയുള്ള കേന്ദ്ര കമ്മറ്റി അംഗം ഗീരിഷ് മോഹനൻ , റാഫി കല്ലിങ്കൽ എന്നിവർ ഏകോപനം നടത്തി.നാല് ദിവസങ്ങളിലായി നടന്ന സോക്കർകപ്പ് വിജയിപ്പിച്ച മുഴുവൻ കായിക പ്രേമികൾക്കും നന്ദി രേഖപ്പെടുത്തുന്നതായി സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.

Leave A Comment