ബാറ്റ്മാൻ ഫോർ എവർ എന്ന ചിത്രത്തിൽ ബാറ്റ്മാന്റെ വേഷത്തിലും, ടോം ക്രൂസ് നായകനായ ടോപ് ഗൺ എന്ന ചിത്രത്തിലെ ടോം കസാൻസ്കി എന്ന വേഷത്തിലും പ്രത്യക്ഷപ്പെട്ട് ശ്രദ്ധേയനായ വാൽ കിൽമർ അന്തരിച്ചു. 65 കാരനായ വാൽ കൈമർ ഏറെ നാളായി ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ബാറ്റ്മാൻ ഫോർ എവർ, ടോപ്പ് സീക്രട്ട്, ഹീറ്റ്, തണ്ടർ ഹാർട്ട്, ദി ഡോർസ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വാൽ കിൽമർ തിളങ്ങി. 2022ൽ പുറത്തിറങ്ങി വമ്പൻ ബോക്സോഫീസ് വിജയം കൊയ്ത ടോപ്പ് ഗണ്ണിന്റെ രണ്ടാം ഭാഗത്തിൽ വാൽ കൈമറിനുള്ള ട്രിബ്യുട്ട് എന്നവണ്ണം ചിത്രീകരിച്ച സീനിലാണ് അദ്ദേഹം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ചിത്രീകരണ സമയം വാൽ കിൽമർ ത്രോട്ട് ക്യാൻസർ മൂർച്ഛിച്ചതിനാൽ സംസാര ശേഷി നഷ്ടപ്പെട്ടിരുന്നു. അതിനാൽ ചിത്രത്തിലെ കഥാപാത്രവും രോഗാതുരനാണ് എന്ന രീതിയിലായിരുന്നു ചിത്രീകരിച്ചത്.ക്യാൻസർ പിന്നീട് ഭേദമായെങ്കിലും ന്യൂമോണിയ ബാധിച്ച് പിതാവ് മരണമടഞ്ഞു എന്ന് താരത്തിന്റെ മകളായ മെഴ്‌സിഡസ് ആണ് അമേരിക്കൻ മാധ്യമങ്ങളെ അറിയിച്ചത്. ‘മനസിലാക്കാൻ പ്രയാസമുള്ള മനുഷ്യൻ, എന്നാൽ പ്രതിഭാധനനായ നടൻ’ എന്നാണ് ബിബിസി വാൽ കിൽമർ വിശേഷിപ്പിച്ചിരുന്നത്.