കൊച്ചി: 25 കോടിയുടെ ബമ്പർ അടിച്ച ഭാഗ്യശാലി കാണാമറയത്ത് തന്നെ തുടർന്നേക്കും. പേര് വെളിപ്പെടുത്താൻ താത്പര്യമില്ലെന്നും രഹസ്യമായി തന്നെ ഇക്കാര്യം സൂക്ഷിക്കണമെന്നും അടുപ്പമുള്ളവരോട് ലോട്ടറിയടിച്ച സ്ത്രീ വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് ഇവർ മാധ്യമങ്ങളെ കാണുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.
‘ഇതിന് മുമ്പ് ലോട്ടറി അടിച്ചവരുടെ അനുഭവങ്ങൾ യൂട്യൂബിലൊക്കെ ഇല്ലേ… അതൊക്കെ കണ്ട് പേടിച്ചിരിക്കുകയാണ്. ആരൂല്ലാത്ത കുടുംബമാണ്. അവരെ കുഴപ്പത്തിലാക്കരുത്. എന്നെയും കുഴപ്പത്തിലാക്കരുത്. ഞാൻ ഇത് വിറ്റാണ് താമസിക്കുന്നതെന്ന് ഭാഗ്യലോട്ടറി വിറ്റ ലതീഷ് പറയുന്നു. ഈ ആൾക്കൂട്ടം ഒക്കെ കണ്ടാൽ അവര് ഈ നാട്ടിൽ നിന്ന് തന്നെ പോകും. നാളെയോ മറ്റന്നാളോ ആയി അവർ ബാങ്കിൽ കൊണ്ടുപോയി കൊടുക്കും. കൂടുതൽ കാര്യം തനിക്കറിയില്ലെന്ന് ലതീഷ് പറഞ്ഞു.
നെട്ടൂർ സ്വദേശിനിക്കാണ് ബമ്പർ അടിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസം രാത്രിയോടെ ടിക്കറ്റിന്റെ ഫോട്ടോ കടയുടമയുടെ സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. ചില ആളുകളോടും ലോട്ടറി അടിച്ച കാര്യം ഇവർ നേരിട്ടല്ലാതെ പറഞ്ഞിരുന്നു. ഇവരുടെ വീട്ടിലേക്ക് ലോട്ടറി ഉടമയുടെ സുഹൃത്തുക്കൾ ചെന്നപ്പോഴാണ് വീട് പൂട്ടി ഇവർ മകളുടെ വീട്ടിലേക്ക് മാറിയ വിവരമറിഞ്ഞത്. ഈ വിവരം പുറത്തുപറയാൻ ആഗ്രഹമില്ലെന്നാണ് ഇവർ ഇപ്പോൾ വ്യക്തമാക്കുന്നത്.

