കോഴിക്കോട്: എ സിയുടെ തണുപ്പ് പോര എന്നു പറഞ്ഞ് ടൂറിസ്റ്റ് ബസിലെ ക്ലീനറെ യാത്രക്കാർ ക്രൂരമായി മർദിച്ചതായി പരാതി. പരിക്കേറ്റ ക്ലീനർ കാസർകോട് വെള്ളരിക്കുണ്ട് പുന്നക്കുന്ന് മേനാംതുണ്ടത്തിൽ അരവിന്ദിനെ (27) കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോടു നിന്നും എറണാകുളത്തേക്ക് പോയ ബസ്സിലെ ജീവനക്കാരനെയാണ് ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ നന്തിയിലെത്തിയപ്പോൾ മർദിച്ചത്.
തളിപ്പറമ്പിൽ നിന്നു കയറിയ രണ്ടു പേരാണ് മർദിച്ചതെന്നാണ് ക്ലീനർ പറയുന്നത്. ബസിലെ എസിയുടെ തണുപ്പു പോരാ എന്നു പറഞ്ഞാണ് അസഭ്യം പറയുകയും മുഖത്ത് തുടരെ മർദിക്കുകയും ചെയ്തതെന്ന് കൊയിലാണ്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ ബെംഗളൂരു കോഴിക്കോട് അന്തർസംസ്ഥാന നൈറ്റ്ബസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) പ്രതിഷേധം രേഖപ്പെടുത്തി.

