പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തിൽ പ്രശസ്ത സ്റ്റണ്ട്മാസ്റ്റർ മോഹൻരാജ് മരിച്ചു. ചെന്നൈയിൽ സിനിമാ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. സംഘട്ടനരംഗത്ത് വർഷങ്ങളുടെ പരിചയമുള്ള മാസ്റ്ററാണ് മോഹൻരാജ്. കാർ ചേസിംഗ് സീൻ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. മുന്നോട്ടു സഞ്ചരിക്കുന്ന കാർ മുകളിലേക്ക് കുതിക്കുന്ന സീൻ എടുക്കുന്നതിനിടെ കാർ അതിവേഗം ഉയരങ്ങളിലേക്ക് കുതിച്ച് മറിയുകയായിരുന്നു. കാർ ഡ്രൈവ് ചെയ്യുകയായിരുന്നു മോഹൻരാജ്. ആളുകൾ ഓടിയെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുഴഞ്ഞുവീണു മരിച്ചു എന്നായിരുന്നു ആദ്യവിവരമെങ്കിലും പിന്നീടാണ് അപകടത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നത്. കാഞ്ചിപുരം സ്വദേശിയാണ് മോഹൻരാജ്.

