ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ മാറ്റിവയ്ക്കുന്നുവെന്ന റിപ്പോർട്ടുകൾ ആശങ്കയും നിരാശയും നൽകുന്നതായി സുനിൽ ഛേത്രി. സമൂഹമാദ്ധ്യമമായ എക്സിലാണ് ഛേത്രി അഭിപ്രായം പങ്കുവച്ചത്. ഭാവിയിൽ ഇന്ത്യൻ ഫുട്ബാൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചു. സമീപകാലത്തെ സംഭവവികാസങ്ങൾ ഇന്ത്യൻ ഫുട്ബോളിന് ശുഭവാർത്തകളല്ല സമ്മാനിക്കുന്നതെന്നും ഛേത്രി പറഞ്ഞു. ഐഎസ്എൽ നടത്തിപ്പുകാരായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്.എസ്.ഡി.എൽ) അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും തമ്മിലെ സംപ്രേഷണ തർക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് 2025-26 സീസൺ അനിശ്ചിതമായി നീട്ടിയത്.
ദേശീയ ടീം ദുർബലരായ എതിരാളികളോട് പോലും വിജയിക്കുന്നതിൽ ഏറെ ബുദ്ധിമുട്ടുകയാണ്. തുടർച്ചയായുള്ള തോൽവികൾക്ക് പിന്നാലെ പരിശീലകൻ മനോലോ മാർക്കസ് സ്ഥാനമൊഴിഞ്ഞിരുന്നു. ഫിഫ റാങ്കിംഗിൽ ഇന്ത്യ വളരെ താഴേക്ക് പതിക്കുകയും 133ാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തിരുന്നു.

