പഴയങ്ങാടി: കണ്ണൂർ പഴയങ്ങാടി പള്ളിക്കരയിൽ ച്യൂയിംഗം തൊണ്ടയിൽ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവൻ രക്ഷിച്ചത് അവസരോചിതമായി ഇടപെട്ട യുവാക്കൾ. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. ച്യൂയിംഗം തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടിയ കുട്ടിയ്ക്ക് യുവാക്കൾ പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു.
റോഡ് സൈഡിൽ വാഹനം നിർത്തി പച്ചക്കറി വണ്ടിയിൽ നിന്ന് സാധനങ്ങൾ വാങ്ങി പരസ്പരം സംസാരിച്ച് നിൽക്കുകയായിരുന്നു യുവാക്കൾ. ഇതേസമയം റോഡിന്റെ മറുവശത്ത് ചെറിയ സൈക്കിളുമായി നിൽക്കുന്ന പെൺകുട്ടി ചൂയിംഗം വായിൽ ഇടുന്നുതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്. എന്നാൽ അൽപനേരത്തിനുള്ളിൽ ബുദ്ധിമുട്ട് തോന്നിയ പെൺകുട്ടി യുവാക്കളുടെ അടുത്തേക്ക് സൈക്കിളിൽ സഹായം തേടുകയായിരുന്നു. പെട്ടെന്ന് തന്നെ യുവാക്കളിലൊരാൾ കുട്ടിയ്ക്ക് പ്രഥമ ശുശ്രൂഷ നൽകി.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാക്കളെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തുന്നുണ്ട്. തൊണ്ടയിൽ ച്യൂയിംഗം കുടുങ്ങിയ സമയത്ത് അടുത്തുണ്ടായിരുന്നവരോട് സഹായം തേടാൻ പെൺകുട്ടിക്ക് തോന്നിയ ബുദ്ധിയേയും മനസാന്നിദ്ധ്യം വിടാതെ വിഷയം കൈകാര്യം ചെയ്ത യുവാക്കളെയും സോഷ്യൽ മീഡിയ പ്രശംസിക്കുന്നുണ്ട്.

