കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ചിന്നു പാപ്പുവിനെ തൂങ്ങി മരിച്ച നിലയിൽകണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ആദൂർ സ്വദേശി ചിന്നു പാപ്പു എന്ന കെ.രേഷ്മയാണ് (24) മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ നഗരത്തിന് സമീപത്തെ വാടക ക്വാർട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്. ചിന്നുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.
ചിന്നു കാസർകോട് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. തുടർച്ചയായി ഫോൺ വിളിച്ചിട്ടും എടുക്കാതായതോടെ ആൺസുഹൃത്ത് വീട്ടിലെത്തി നോക്കിയപ്പോഴാണ് ചിന്നുവിനെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ഇയാൾ സുഹൃത്തിനൊപ്പം ചിന്നുവിന്റെ വീട്ടിലെത്തിയത്. യുവതി തൂങ്ങിനിൽക്കുന്നതുകണ്ട് ഇയാൾ ബഹളംവച്ചതുകേട്ട് നാട്ടുകാരെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവുമായി ഏറെക്കാലമായി അകന്നുകഴിയുകയായിരുന്നു യുവതി. അടുത്തിടെയായി ആൺസുഹൃത്തും ഒപ്പം താമസിക്കുന്നുണ്ടായിരുന്നു. ഇയാൾ ജോലിക്കുപോയ സമയത്താണ് യുവതി ജീവനൊടുക്കിയത്. ഇയാളെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ആദൂരിലെ ഗംഗാധരൻ- ശൈലജ ദമ്പതികളുടെ മകളാണ് ചിന്നു. നാലു വയസുള്ള മകനുണ്ട്. പിതാവ് ഗംഗാധരനൊപ്പമാണ് കുഞ്ഞ് താമസിക്കുന്നത്. വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് നടക്കുകയാണ്. കുടുംബ പ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കാസർകോട് ഭാഷയിലാണ് ചിന്നു വീഡിയോകൾ അവതരിപ്പിച്ചിരുന്നത്. പാചക, യാത്ര വീഡിയോകളായിരുന്നു ഏറെയും.

