കോഴിക്കോട്: കനത്ത മഴയെ തുടർന്ന് താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ തുടരുന്ന സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് അറിയിച്ചു. ശക്തമായ മഴയിൽ കൂടുതൽ പാറക്കഷ്ണങ്ങളും മണ്ണും റോഡിലേക്ക് വീഴുന്നത് തുടരുന്ന സാഹചര്യത്തിലാണിത്. ആംബുലൻസ് ഉൾപ്പെടെയുള്ള എമർജൻസി വാഹനങ്ങൾ പോലീസിന്റെ അനുമതിയോടെ കടത്തിവിടും.
കുറ്റ്യാടി ചുരത്തിലും ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാൽ ചുരംവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം. നിയന്ത്രണങ്ങളുമായി ജനങ്ങൾ സഹകരിക്കണമെന്നും ജില്ലാകലക്ടർ അറിയിച്ചു. കോഴിക്കോട് കാവിലുംപാറ, മരുതോങ്കര മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. തൊട്ടിൽപ്പാലം പുഴയിൽ ഒഴുക്ക് വർധിച്ചിട്ടുള്ളതായും അറിയിപ്പുണ്ട്. കുറ്റ്യാടി ചുരത്തിൽ പക്രംതളത്തിന് സമീപം നേരിയ മണ്ണിടിച്ചൽ ഉണ്ടായതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
റോഡിൽനിന്ന് മണ്ണ് നീക്കം ചെയ്യാനുള്ള പ്രവൃത്തികൾ പുരോഗമിക്കുന്നുണ്ട്. താമരശ്ശേരി തഹസിൽദാർ സി. സുബൈർ ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പോലീസ്, ഫയർ ആന്റ് റെസ്ക്യൂ ഉൾപ്പെടെയുള്ള ഏജൻസികൾ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നല്ല രീതിയിൽ ഏകോപിപ്പിക്കുന്നുണ്ടെന്നും ജില്ലാ കലക്ടർ അറിയിച്ചു.
കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ എം. രേഖ, ഹസാഡ് അനലിസ്റ്റ് പി. അശ്വതി, ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ എം. രാജീവ്, അസിസ്റ്റന്റ് ജിയോളജിസ്റ്റ് ദീപ ഉൾപ്പെടെയുള്ള സംഘം ഇന്നലെ സംഭവസ്ഥലം സന്ദർശിക്കുകയും ആവശ്യമായ നടപടികൾ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

