ആഗ്രഹംപോലെ പ്രിയപ്പെട്ട റിസോർട്ടിൽ സി.ജെ. റോയിക്ക് അന്ത്യനിദ്ര

  • Home-FINAL
  • Business & Strategy
  • ആഗ്രഹംപോലെ പ്രിയപ്പെട്ട റിസോർട്ടിൽ സി.ജെ. റോയിക്ക് അന്ത്യനിദ്ര

ആഗ്രഹംപോലെ പ്രിയപ്പെട്ട റിസോർട്ടിൽ സി.ജെ. റോയിക്ക് അന്ത്യനിദ്ര


ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ സംസ്‌കാരച്ചടങ്ങുകൾ ബെംഗളൂരുവിൽ നടന്നു. റോയി അന്ത്യനിദ്രയ്ക്കായി തിരഞ്ഞെടുത്ത സ്വന്തം റിസോർട്ടായ ബെംഗളൂരുവിലെ ബന്നാർഘട്ട റോഡിലുള്ള കോൺഫിഡന്റ് ഗ്രൂപ്പിന്റെ നാച്വേഴ്‌സ് ലക്ഷ്വറിയിലാണ് സംസ്‌കാരച്ചടങ്ങുകൾ പൂർത്തിയായത്. റോയിയുടെ അഭിലാഷപ്രകാരം കുടുംബാംഗങ്ങളാണ് ഇക്കാര്യത്തിൽ തീരുമാനമെ‌ടുത്തത്‌. ആയിരങ്ങളാണ് റോയിയുടെ അവസാനമായി കാണാൻ ബന്നാർഘട്ടയിലെത്തിയത്. ഭാര്യ, സഹോദരൻ, മക്കൾ ഉൾപ്പെടെ അന്ത്യചുംബനം നൽകി യാത്രയാക്കി. രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ റിസോർട്ടിൽ പൊതുദർശനമുണ്ടായിരുന്നു. 2.30-ന് കാൽക്കരെ സെയ്ന്റ് ജോസഫ്‌സ് പള്ളിയിൽ സംസ്കാരശുശ്രൂഷ നടത്തി. പിന്നാലെ റിസോർട്ടിലേക്കെത്തിച്ച് സംസ്കാരച്ചടങ്ങുകൾ പൂർത്തിയാക്കി.
കൽക്കെരെ സെന്റ് ജോസഫ്സ് പള്ളിയിൽ ശുശ്രൂഷയ്ക്കു ശേഷമാണു മൃതദേഹം റിസോർട്ടിൽ‌ എത്തിച്ചത്. റോയിയുടെ അമ്മയും ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും ഉൾപ്പെടെയുള്ളവർ നിറക്കണ്ണുകളോടെയാണ് റോയിക്ക് അന്ത്യയാത്ര നൽകിയത്. റോയ് സ്വയം വെടിയുതിർത്ത് മരിച്ച കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫിസിനു മുന്നിൽ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര അൽപനേരം നിർത്തിയിരുന്നു. കർണാടക ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി, നിർമാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ വി.കെ.പ്രകാശ്, അവതാരകൻ മിഥുൻ രമേശ് ഉൾപ്പെടെ രാഷ്ട്രീയ–സാമൂഹിക–സാംസ്കാരിക രംഗത്തെ നിരവധി പേർ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു.
ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ വെള്ളിയാഴ്ചയാണ് റോയ് (57) സ്വയം വെടിവെച്ച് മരിച്ചത്. ആദായനികുതി ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് റോയിയുടെ സഹോദരൻ സി.ജെ. ബാബു ആരോപിച്ചു. മരണം അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) രൂപംനൽകിയിട്ടുണ്ട്.

Leave A Comment