തിരുവനന്തപുരം: സ്‌കൂൾ ക്ലാസ് മുറികളിൽ ഇനി പിൻബെഞ്ചുകാർ ഇല്ലാതായേക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയാണ് ഇക്കാര്യത്തിൽ പൊതുസമൂഹത്തിന്റെ അഭിപ്രായം സമൂഹമാധ്യമത്തിലൂടെ തേടിയത്. പിൻബെഞ്ചിലിരിക്കുന്ന കുട്ടികൾ മോശക്കാരാണെന്ന സങ്കൽപ്പം ആളുകളുടെ മനസിൽ വേരുറച്ചു പോയതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഈ വിഷയത്തിൽ സംവാദത്തിന് കാരണമായത്. ഈ സങ്കൽപം ഒരു വിദ്യാർഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് മന്ത്രിയുടെ കുറിപ്പിലുള്ളത്. ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാൻ പാടില്ലെന്നും എല്ലാ കുട്ടികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും ഇത് എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ച് നമ്മൾ ആലോചിക്കുകയാണെന്നും മന്ത്രി പറയുന്നു.
പിൻബെഞ്ചുകാർ എന്ന ആശയം ഇല്ലാതാക്കാൻ പല രാജ്യങ്ങളും പല മാതൃകകളും പിന്തുടരുന്നുണ്ടെന്നും കുറിപ്പിലുണ്ട്. ഈയടുത്ത് പുറത്തിറങ്ങിയ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ സിനിമയിലും ഇതേ വിഷയം പ്രതിപാദിച്ചിരുന്നു. പിൻബെഞ്ചുകാരായ കുട്ടികളുടെ മാനസികാവസ്ഥയിലൂടെ കടന്നു പോകുന്ന ചിത്രത്തിന്റെ ക്ലൈമാക്‌സിൽ കാണിച്ച ക്ലാസ് മുറിയുടെ മധ്യത്തിൽ അധ്യാപകനും ചുറ്റും കുട്ടികളും ഇരിക്കുന്ന സീൻ ഏറെ കയ്യടികൾ നേടിയിരുന്നു. ഈ സിനിമ ഒ.ടി.ടിയിൽ ഇറങ്ങിയപ്പോൾ ഏറെ ശ്രദ്ധ നേടുകയും സിനിമ മുന്നോട്ടുവയ്ക്കുന്ന ആശയം മുൻനിറുത്തി കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില സ്‌കൂളുകൾ ഒരു കുട്ടിയെയും പിന്നിലാക്കാതെ എല്ലാവർക്കും തുല്യ അവസരം നൽകുന്ന രീതിയിൽ ക്ലാസ് മുറികളിലെ കുട്ടികളുടെ ബെഞ്ചുകൾ പുനക്രമീകരിച്ചിരുന്നു.
മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിൽ നിന്നും
പ്രിയപ്പെട്ടവരെ,
നമ്മുടെ സ്‌കൂൾ ക്ലാസ് മുറികളിൽനിന്ന് ‘പിൻബെഞ്ചുകാർ’ എന്നൊരു സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. ഈ സങ്കൽപം ഒരു വിദ്യാർഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ഈ സങ്കൽപം ഒരു വിദ്യാർഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.
ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാൻ പാടില്ല. എല്ലാ കുട്ടികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇത് എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ച് നമ്മൾ ആലോചിക്കുന്നു. പിൻബെഞ്ചുകാർ എന്ന ആശയം ഇല്ലാതാക്കാൻ പല രാജ്യങ്ങളും പല മാതൃകകളും പിന്തുടരുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസരീതിക്ക് അനുയോജ്യമായ ഏറ്റവും മികച്ച മാതൃക കണ്ടെത്താൻ വിദഗ്ധരുടെ ഒരു സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. ഈ സമിതിയുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് നമുക്ക് മുന്നോട്ട് പോകാം. നമ്മുടെ കുട്ടികളുടെ മികച്ച ഭാവിക്കായി നിങ്ങളുടെ എല്ലാവിധ പിന്തുണയും തേടുന്നു.

