കോഴിക്കോട്: ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്‌ളോറിക്കൻ റോഡിലെ വാടകവീട്ടിൽ രണ്ടു സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ കൂടെ താമസിച്ചുകൊണ്ടിരുന്ന സഹോദരനെ കാണാനില്ല. മൂഴിക്കൽ മൂലക്കണ്ടി ശ്രീജയ (71), പുഷ്പ (66) എന്നിവരെയാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ സഹോദരൻ പ്രമോദിനെയാണു കാണാതായത്. മൂന്നു വർഷത്തോളമായി ഇവർ ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
സഹോദരിമാർ മരിച്ച വിവരം ബന്ധുക്കളെയും സുഹൃത്തിനെയും പുലർച്ചെ അഞ്ചു മണിയോടെ പ്രമോദ് വിളിച്ചറിയിച്ചിരുന്നു. ഇതുപ്രകാരം ബന്ധുക്കൾ വീട്ടിലെത്തി നോക്കിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടത്. വെള്ളതുണി പുതപ്പിച്ച് തലമാത്രം പുറത്തു കാണുന്ന നിലയിൽ രണ്ടു മുറികളിലായിരുന്നു മൃതശരീരങ്ങൾ. പ്രമോദിനെ ഫോണിലും മറ്റും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ആദ്യം റിങ് ചെയ്തിരുന്നെങ്കിലും പിന്നീട് ഓഫാക്കി എന്ന സന്ദേശമാണ് ഫോണിൽ വിളിച്ചപ്പോൾ ലഭിച്ചതെന്ന് പരിസരവാസികൾ പറഞ്ഞു.
ചേവായൂർ പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സമീപത്തെ ആശുപത്രിയിൽ വാർധക്യസഹജമായ ചില രോഗങ്ങൾക്കായി ചികിത്സ തേടി വന്ന സഹോദരിമാരാണ് ശ്രീജയയും പുഷ്പയുമെന്നാണ് അയൽവാസികൾ പറയുന്നത്.

