കൊച്ചി: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദർശനത്തോട് അനുബന്ധിച്ച് കൊച്ചിയിലും ചങ്ങനാശേരിയിലും ഇന്ന് ഗതാഗത നിയന്ത്രണമുണ്ടായിരിക്കും. ഡൽഹിയിൽനിന്നു നെടുമ്പാശേരിയിൽ ഇറങ്ങുന്ന ഉപരാഷ്ട്രപതി അവിടെനിന്നു ഹെലികോപ്റ്ററിലാണു ചങ്ങനാശേരിയിലെത്തുന്നത്. പെരുന്നയിൽനിന്നു കാറിൽ എസ്ബി കോളജിലെത്തും.
ചങ്ങനാശേരിയിൽ എസ്ബി, എൻഎസ്എസ് കോളജുകളുടെ പരിസരപ്രദേശങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വൈകിട്ട് 3.30നു എസ്.ബികോളജിലെ കാവുകാട്ട് ഹാളിൽ നടക്കുന്ന കോളേജ് ശതാബ്ദി സമാപന ചടങ്ങിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയാകും. ഗവർണർ രാജേന്ദ്ര ആർലേക്കർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന് പുറമേ കേരള ബ്ലാസ്റ്റേഴ്സ് – ഇന്റർ കാശി ഐഎസ്എൽ മത്സരവും കാരണമാണ് എറണാകുളത്ത് ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക. എറണാകുളത്ത് ഇന്ന് വൈകുന്നേരം അഞ്ച് മണി മുതൽ ഏഴ് മണി വരെയാണ് ഗതാഗത നിയന്ത്രണം.
വൈകുന്നേരം നഗരത്തിലേക്ക് വരുന്നവർ തിരക്ക് ഒഴിവാക്കാൻ മെട്രോ ട്രെയിനുകളെ ആശ്രയിക്കണം. അത്യാവശ്യ യാത്രക്കാർ പോലീസ് നിർദ്ദേശിക്കുന്ന ബദൽ പാതകൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

