സി പി ഐ എം ദേശീയ ജനറല്‍ സെക്രട്ടറിയായി മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ എം എ ബേബി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അത് ബേബിക്കുള്ള പിറന്നാൾ സമ്മാനം കൂടിയാണ്. 1954 ഏപ്രില്‍ അഞ്ചിനാണ് എം എ ബേബിയുടെ ജനനം.സിപിഐഎമ്മിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി എം എ ബേബി തിരിഞ്ഞെടുക്കപ്പെടുമ്പോള്‍ അത് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയാണ്. പശ്ചിമബംഗാളിലും ത്രിപുരയിലും പാര്‍ട്ടി ശോഷിക്കുകയും എംഎല്‍എമാര്‍പോലും ഇല്ലാത്ത അവസ്ഥയിലേക്ക് പാര്‍ട്ടി തകരുകയും ചെയ്തപ്പോഴും പാര്‍ട്ടിക്ക് വലിയ പോറലില്ലാതെ സംരക്ഷിക്കുകയാണ് കേരളീയര്‍. രാജ്യത്ത് സിപിഐഎമ്മിന് ഭരണമുള്ള ഏക സംസ്ഥാനം കേരളം മാത്രമായി. കേരളത്തില്‍ രണ്ടാം വട്ടവും അധികാരം ലഭിച്ചതും പാര്‍ട്ടി ഇപ്പോഴും കെട്ടുറപ്പോടെ നില്‍ക്കുന്നുവെന്നതും എം എ ബേബിക്ക് ജന.സെക്രട്ടറി സ്ഥാനത്തെത്താനുള്ള വഴിയായി മാറുകയായിരുന്നു.എസ് എഫ് ഐയിലൂടെ വളര്‍ന്ന നേതാവാണ് എം എ ബേബി. വിദ്യാർഥികളുടെ അവകാശ സമരപോരാട്ടത്തിലൂടെ വളര്‍ന്ന ബേബി പിന്നീട് കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയായി എന്നത് മറ്റൊരു ചരിത്രം. ഇപ്പോഴിതാ രാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്ത് എത്തിയിരിക്കയാണ് കൊല്ലത്ത് നിന്നുള്ള നേതാവ്. എസ്എഫ്ഐയുടെയും ഡി വൈ എഫ് ഐയുടെയും ദേശീയ സമിതികളില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തുമായാണ് എം എ ബേബി സി പി ഐ എമ്മിന്റെ നേതൃനിരയിലെത്തുന്നത്. 2012 മുതല്‍ പൊളിറ്റ് ബ്യൂറോ അംഗമായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന നേതാവാണ് ബേബി.കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിക്കുകയെന്ന ഭാരിച്ച ചുമതലയാണ് ബേബിയില്‍ വന്നു ചേര്‍ന്നിരിക്കുന്നത്. യെച്ചൂരിയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന കേരള നേതാവായിരുന്നു ബേബി. യെച്ചൂരി ഇന്ത്യാ സഖ്യത്തിനായി ഏറെ പ്രയത്‌നിച്ച ജനറൽ സെക്രട്ടറിയായിരുന്നു. കോണ്‍ഗ്രസുമായുള്ള ബന്ധം ശക്തമായതും യെച്ചൂരി ലൈനിന്റെ ഭാഗമായിരുന്നു. കേരളത്തിലെ മുഖ്യശത്രു എന്ന നിലയില്‍ കോണ്‍ഗ്രസിനോടുള്ള നിലപാട് എന്താവും എന്നതാണ് മുഖ്യവിഷയം. കേരളത്തിലെ സി പി ഐ എം നേതാക്കളില്‍ ഭൂരിപക്ഷം പേരും കോണ്‍ഗ്രസ് ബന്ധം തുടരേണ്ടതില്ലെന്ന നിലപാടുകാരാണ്. കേരളത്തില്‍ നിന്നുള്ള ബേബി ജനറൽ സെക്രട്ടറിയായി വരുമ്പോള്‍ നിലപാടുകളില്‍ മാറ്റം വരുമോ എന്നാണ് കോണ്‍ഗ്രസ് നേതൃത്വവും ഉറ്റുനോക്കുന്നത്.സമാനതകളില്ലാത്ത രാഷ്ട്രീയ ചരിത്രമാണ് സി പി ഐ എമ്മിന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം എ ബേബിയുടേത്