സിപിഐഎം 24-ാം പാർട്ടി കോൺഗ്രസ് സമാപിച്ചു. മധുരയിൽ ആയിരങ്ങൾ അണിനിരന്ന പ്രകടനത്തോടെയും പൊതു സമ്മേളനത്തോടുമായിരുന്നു സമാപനം. ലോകത്താകെ ഇടതുപക്ഷത്തിന് പ്രസക്തി നഷ്ടമായെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. കേരളം കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും പൊതു സമ്മേളനത്തിൽ സംസാരിച്ചു.തമിഴ്നാട്ടിലെയും മധുരയിലെയും സിപിഐഎമ്മിൻ്റെ ശക്തി വിളിച്ചോതുന്നതായിരുന്നു പാർട്ടി കോൺഗ്രസിൻ്റെ സമാപനം കുറിച്ചു കൊണ്ടുള്ള പ്രകടനവും പൊതു സമ്മേളനവും. തമിഴ് നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങളാണ് എത്തിയത്. കേരളത്തിൽ നിന്നും നൂറ് കണക്കിനാളുകൾ എത്തി. ലോകത്തെയും രാജ്യത്തെയും ഇടത് പക്ഷത്തിൻ്റെ ഭാവിയിൽ ആശങ്ക വേണ്ടന്ന് ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത എം.എ.ബേബി പറഞ്ഞു.മെയ് 20ന് നടക്കുന്ന ദേശിയ പണിമുടക്ക് മുൻനിർത്തി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പിന്തുണ നൽകാൻ തീരുമാനിച്ചാണ് പാർട്ടി കോൺഗ്രസിന് കൊടിയിറങ്ങിയത്.