ഇന്ത്യൻ ചുണക്കുട്ടികൾ പൊരുതി, വനിതാ ലോക കപ്പിൽ ചരിത്ര കിരീടം

  • Home-FINAL
  • India
  • ഇന്ത്യൻ ചുണക്കുട്ടികൾ പൊരുതി, വനിതാ ലോക കപ്പിൽ ചരിത്ര കിരീടം

ഇന്ത്യൻ ചുണക്കുട്ടികൾ പൊരുതി, വനിതാ ലോക കപ്പിൽ ചരിത്ര കിരീടം


മുംബൈ: നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ചരിത്രം പിറന്നു. വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ കന്നിമുത്തം. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യ ഉയർത്തിയ 299 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 246 റൺസിന് പുറത്തായി. കലാശപ്പോരിൽ രണ്ട് തവണ കപ്പ്‌ നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ഇത്തവണ കപ്പിൽ മുത്തമിടാനായി. സ്മൃതി മന്ഥന (58 പന്തിൽ 45), ഷഫാലി വർമ (78ൽ 87), ജെമിമ റോഡ്രിഗസ് (37ൽ 24), ദീപ്തി ശർമ (58ൽ 58), റിച്ച ഘോഷ് (24ൽ 34) എന്നിവരുടെ അമ്പരപ്പിക്കുന്ന ബാറ്റിംഗാണ്‌ മികച്ച ടോട്ടൽ പടുത്തുയർത്താൻ ഇന്ത്യയ്‌ക്ക്‌ കരുത്തായത്‌. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 20ഉം അമൻജോത് കൗർ 12ഉം റൺസെടുത്തപ്പോൾ രാധ യാദവ് മൂന്ന് റൺസുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കക്കായി അയബോംഗ കാക മൂന്നും നോങ്കുലുലേകു മ്ലാബ, നഡിനെ ഡി ക്ലെർക്ക്, ക്ലോയെ ട്രയോൺ എന്നിവർ ഓരോ വിക്കറ്റെടുത്തു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.വനിതാ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് റെക്കോർഡ് സമ്മാനത്തുക. 4.48 ദശലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 39.78 കോടി രൂപ) ജേതാക്കൾക്ക് ലഭിക്കുക. റണ്ണേഴ്സ് അപിന് 2.24 ദശലക്ഷം ഡോളറും സമ്മാനമായി ലഭിക്കും. സെപ്റ്റംബറിലാണ് ഐസിസി വനിതാ ലോകകപ്പ് ക്രിക്കറ്റിൻറെ സമ്മാനത്തുക പ്രഖ്യാപിച്ചത്. ടൂർണമെൻറിൽ ആകെ സമ്മാനത്തുകയായി വിതരണം ചെയ്യുന്നത് 13.88 ദശലക്ഷം ഡോളർ (ഏകദേശം 123 കോടി രൂപ) ആണ്. 2022 ലെ ലോകകപ്പിലെ സമ്മാനത്തുകയെക്കാൾ 297 ശതമാനം കൂടുതലാണിത്. പുരുഷ ലോകകപ്പ് ജേതാക്കൾക്ക് 4 മില്യൺ ഡോളറായിരുന്നു സമ്മാനത്തുക.

Leave A Comment