ക്രിസ്തുമസ്സിനെ വരവേൽക്കാൻ ഒരുങ്ങി ബഹ്‌റൈനിലെ ക്രൈസ്തവ ദേവാലയങ്ങൾ . വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ ക്രിസ്മസ് ആരാധനയിൽ പങ്കുചേരും. ഡിസംബർ ആദ്യ വാരം തൊട്ടു തന്നെ വിവിധ സഭകളുടെയും കൂട്ടായ്മയുടെയും നേതൃത്വത്തിൽ കരോൾ സംഘങ്ങളുടെ സന്ദർശനങ്ങളും നടന്നിരുന്നു.ബഹ്‌റൈൻ കേരളീയ സമാജം മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ വീടുകളിൽ കരോൾ സംഘത്തിന്റെ സംഗീത പരിപാടികളും നടന്നു. ബഹ്‌റൈനിലെ പ്രവാസി മലയാളികൾ അടക്കമുള്ള വലിയൊരു വിശ്വാസി സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന നിരവധി ആരാധനാലയങ്ങളിലും ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി.ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തിഡ്രലിന്റെ ക്രിസ്മസ് ശുശ്രൂഷകൾ ഇന്ന് വൈകിട്ട് 6.00 മണി മുതൽ ബഹ്‌റൈൻ കേരള സമാജത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പൊലീത്തായുടെ മുഖ്യ കാർമികത്വത്തിലും ഇടവക വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ, സഹവികാരി റവ. ഫാ. പി. എൻ. തോമസ്കുട്ടി എന്നിവരുടെ സഹ കാർമികത്വത്തിലും നടക്കും. സന്ധ്യാനമസ്കാരം, തീജ്വാല ശുശ്രുഷ, വിശുദ്ധ കുർബാന, പ്രദക്ഷിണം, നേർച്ചവിളമ്പ് എന്നിവയും നടക്കുമെന്ന് ട്രസ്റ്റി റോയി ബേബി, സെക്രട്ടറി എം എം മാത്യൂ എന്നിവർ അറിയിച്ചു. ബഹ്‌റൈൻ മാർത്തോമ്മാ പാരിഷിൽ ഇന്ന് വൈകിട്ട് 8.00 മണി മുതൽ വിശുദ്ധ കുർബാനയും ക്രിസ്മസ് ആരാധനയും നടക്കും സഹവികാരി റവ. ബിബിൻസ് മാത്യു ഓമനാലി ശുശ്രൂഷകൾക്കും വികാരി റവ. ബിജു ജോൺ അച്ഛൻ ക്രിസ്മസ് സന്ദേശവും നൽകും.ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഇന്ന് വൈകിട്ട് 6.00 മണി മുതൽ സന്ധ്യാനമസ്കാരവും തുടർന്ന് ക്രിസ്മസ് ശുശ്രുഷ, വിശുദ്ധ കുർബാന, ക്രിസ്മസ് സന്ദേശം എന്നിവ പരിശുദ്ധ പാത്രിയാർക്കീസ് ബാവായുടെ സെക്രട്ടറി അഭിവന്ദ്യ മർക്കോസ് മാർ ക്രിഫോറഫോറസ് മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമികത്വത്തിലും ഇടവക വികാരി റവ. ഫാ. ജോൺസ് ജോണിന്റെ സഹ കാർമികത്വത്തിലും നടക്കും. ഏവർക്കും ക്രിസ്മസ് വിരുന്ന് ക്രമീകരിച്ചിട്ടുണ്ടന്ന് ഭാരവാഹികൾ അറിയിച്ചു.കൂടാതെ ഇന്ന് വിവിധ കൂട്ടായ്മകളുടെയും മറ്റ് ദേവാലയങ്ങളിലും ക്രിസ്തുമസ് പ്രാർത്ഥനകളും ശുശ്രൂഷകളും ആഘോഷങ്ങളും നടക്കുന്നതാണ്.