ഭൂട്ടാൻ വഴി വാഹനം കടത്തി നികുതി വെട്ടിക്കൽ; പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വീടുകളിൽ കസ്റ്റംസ് പരിശോധന

  • Home-FINAL
  • Kerala
  • ഭൂട്ടാൻ വഴി വാഹനം കടത്തി നികുതി വെട്ടിക്കൽ; പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വീടുകളിൽ കസ്റ്റംസ് പരിശോധന

ഭൂട്ടാൻ വഴി വാഹനം കടത്തി നികുതി വെട്ടിക്കൽ; പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വീടുകളിൽ കസ്റ്റംസ് പരിശോധന


കൊച്ചി: സിനിമാതാരങ്ങളായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസിന്റെ നേതൃത്വത്തിൽ പരിശോധന. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്, ദുൽഖർ സൽമാന്റെ പനമ്പിള്ളി നഗറിലുള്ള വീട് എന്നിവിടങ്ങളിലാണ് പരിശോധന. കസ്റ്റംസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് നടപടി. ഭൂട്ടാൻ വഴി ആഡംബര കാറുകൾ നികുതിവെട്ടിച്ച് ഇന്ത്യയിൽ എത്തിക്കുന്നെന്ന കണ്ടെത്തലിനെ തുടർന്നാണിത്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ സംഘമെത്തിയെങ്കിലും അവിടെ വാഹനങ്ങൾ ഇല്ലാത്തതിനാൽ മടങ്ങിപ്പോയി. കേരളത്തിൽ മുപ്പതിടങ്ങളിലാണ് ഇന്ന് പരിശോധന നടത്തുന്നത്.

വിദേശത്ത് നിന്ന് ആഡംബര വാഹനങ്ങൾ ഭൂട്ടാനിലേക്ക് ഇറക്കുമതി ചെയ്യുമ്പോൾ ചില ഇളവുകൾ ലഭിക്കും. ഈ വാഹനങ്ങൾ ഭൂട്ടാനിൽ വ്യാജ മേൽവിലാസം ഉണ്ടാക്കി അവിടെ രജിസ്റ്റർ ചെയ്യുകയും അതിന് ശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. ഈ വാഹനങ്ങൾ എത്തിക്കാൻ ഇന്ത്യയിൽ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. ഈ ഏജന്റുമാരെ കേന്ദ്രീകരിച്ച് കസ്റ്റംസ് കുറേകാലങ്ങളായി അന്വേഷണം നടത്തുകയായിരുന്നു. ഈ അന്വേഷണത്തിലാണ് ഉപഭോക്താക്കൾ ആരൊക്കെയാണെന്ന് കണ്ടെത്തിയത്. ഇവരിൽ പ്രമുഖ സിനിമാ താരങ്ങൾ, വ്യവസായികൾ എന്നിവരുമുണ്ടെന്നാണ് വിവരം.
ഭൂട്ടാനിൽ നിന്നുകൊണ്ടുവരുന്ന വാഹനങ്ങൾ പഴയ വാഹനങ്ങൾ എന്ന പേരിൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിക്കുന്നു എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. കേരള-ലക്ഷദ്വീപിന്റെ ചുമതലയിലുള്ള കമ്മിഷണറുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് മുപ്പതോളം കേന്ദ്രങ്ങളിൽ പരിശോധന. നടന്മാർക്ക് പുറമെ കളമശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബിസിനസുകാരൻ, മലപ്പുറം-കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വാഹന ഡീലർമാർ എന്നിവിടങ്ങളിൽ അടക്കം പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം.

 

Leave A Comment