കൊച്ചി: വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് 2.88 കോടി രൂപ നഷ്ടപ്പെട്ടതിന് ദിവസങ്ങൾക്കുള്ളിൽ തന്നെ കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്. ഫോർട്ട്കൊച്ചി സ്വദേശിയായ 43 വയസ്സുകാരിയെ കബളിപ്പിച്ച് 95,000 രൂപയാണ് തട്ടിയെടുത്തത്. വാട്സാപ് വഴി ലിങ്ക് അയച്ചു നൽകി ഫോണിന്റെ നിയന്ത്രണം സ്വന്തമാക്കിയാണ് അക്കൗണ്ടിൽനിന്നു പണം കവർന്നത്.
കഴിഞ്ഞ മാസം 18നാണ് സംഭവം. ഒരു എഫ്എം റേഡിയോയുടെ കസ്റ്റമർ കെയർ വിഭാഗത്തിൽ നിന്നാണെന്ന് പറഞ്ഞ് യുവതിക്ക് വാട്സാപ്പിലേക്കു കോൾ വന്നു. പിന്നാലെ ഒരു ലിങ്കും അയച്ചു നൽകി. ഇതിൽ ക്ലിക്ക് ചെയ്തതോടെ യുവതിയുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കരസ്ഥമാക്കുകയും അതുവഴി അക്കൗണ്ടിൽ നിന്ന് 95,000 രൂപ അപഹരിക്കുകയും ചെയ്തെന്ന് എഫ്ഐആറിൽ പറയുന്നു. ഇന്നലെയാണ് കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
മട്ടാഞ്ചേരി ആനവാതിൽ സ്വദേശിയായ 59കാരിയെ സൈബർ തട്ടിപ്പു സംഘം ഭീഷണിപ്പെടുത്തി 2.88 കോടി രൂപ തട്ടിയെടുത്ത സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

