കോഴിക്കോട്: സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സമൂഹമാധ്യമത്തിൽ വിഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം മുന്നോട്ട്. ബസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. എന്നാൽ ബസിലെ തിരക്കിന്റെ ദൃശ്യങ്ങളാണ് ഇതിലുള്ളത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനെ തുടർന്ന് ഷിംജിത മുസ്തഫ ഒളിവിൽ പോയതായാണു സൂചന. യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിഡിയോയുടെ പൂർണരൂപം വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം തേടും. ഇതിനായി യുവതിയുടെ ഫോൺ കണ്ടെത്താനാണു പൊലീസിന്റെ ശ്രമം.
പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വഴി സർവീസ് നടത്തുന്ന അൽ അമീൻ എന്ന സ്വകാര്യ ബസിലാണു യുവതി വിഡിയോ ചിത്രീകരിച്ചത്. കേസ് റജിസ്റ്റർ ചെയ്തയുടൻ പൊലീസ് ബസ് ഉടമയെ ബന്ധപ്പെടുകയും ദൃശ്യങ്ങൾ സൂക്ഷിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചയോടെ പയ്യന്നൂരിലെത്തിയാണു മെഡിക്കൽ കോളജ് പൊലീസ് സിസിടിവി ഹാർഡ് ഡിസ്ക് പരിശോധിച്ചതും കസ്റ്റഡിയിലെടുത്തും. ഇരുവരും ബസിൽ കയറിയതു മുതലുള്ള ദൃശ്യങ്ങളാണു പരിശോധിച്ചത്

