തിരുവനന്തപുരം: കോർപറേഷൻ മേയർ സ്ഥാനം ലഭിക്കാത്തതിൽ തനിക്കു അതൃപ്തിയുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് മുൻ ഡിജിപിയും ശാസ്തമംഗലം കൗൺസിലറുമായ ആർ. ശ്രീലേഖ. തിരഞ്ഞെടുപ്പിൽ നിർത്തിയത് കൗൺസിലറാകാനല്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിന്റെ പുറത്താണെന്നുമാണ് തിങ്കളാഴ്ച രാവിലെ ശ്രീലേഖ പറഞ്ഞത്. എന്നാൽ മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്നും ശല്യം ചെയ്തു പുറകെ നടന്നു ചോദ്യം ചോദിച്ച് കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും ഫെയ്സ്ബുക് പോസ്റ്റിൽ ശ്രീലേഖ കുറിച്ചു. ബിജെപിയിൽ പ്രവർത്തിക്കുന്നതിൽ തനിക്കു അഭിമാനമാണെന്നും ശ്രീലേഖ പോസ്റ്റിൽ പറയുന്നു.
കോർപറേഷൻ മേയർ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി പ്രകടമാക്കുന്ന തരത്തിലായിരുന്നു ശ്രീലേഖ തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളോടു പ്രതികരിച്ചത്. ”മത്സരിക്കാൻ വിസമ്മതിച്ച എന്നെ മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചത്. അങ്ങനെ പറയുന്നത് കേട്ടപ്പോൾ ഞാനായിരിക്കും കോർപറേഷൻ തിരഞ്ഞെടുപ്പിന്റെ മുഖമെന്നാണ് കരുതിയത്. സ്ഥാനാർഥികൾക്ക് എല്ലാവർക്കും വേണ്ടി പ്രവർത്തിക്കേണ്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് ഞാൻ. പത്തു സ്ഥാനാർഥികളെ ജയിപ്പിക്കാനുള്ള ചുമതലയും നൽകി. അവസാനം കൗൺസിലറാകേണ്ട സാഹചര്യത്തിൽ പാർട്ടി പറഞ്ഞത് അംഗീകരിച്ചു. ഞാനാണ് കോർപറേഷൻ തിരഞ്ഞെടുപ്പിന്റെ മുഖമെന്ന രീതിയിൽ തന്നെയാണ് നേതൃത്വം പറഞ്ഞതും ചാനലുകൾക്ക് മുന്നിൽ അവതരിപ്പിച്ചതും. ചർച്ചകൾക്കും ഞാനാണ് പോയിരുന്നത്.
എന്നാൽ, എന്തോ കാരണം കൊണ്ട് അവസാന നിമിഷം കാര്യങ്ങൾ മാറി. രാജേഷിനു കുറച്ചുകൂടെ മികച്ച രീതിയിൽ മേയറായി പ്രവർത്തിക്കാൻ പറ്റുമെന്നും ആശാനാഥിനു ഡപ്യൂട്ടി മേയറായി കുറച്ചുകൂടി നന്നായി പ്രവർത്തിക്കാൻ പറ്റുമെന്നും കേന്ദ്ര നേതൃത്വത്തിന് തോന്നിയതുകൊണ്ടായിരിക്കാം അത്തരമൊരു തീരുമാനമെടുത്തതെന്നാണ് എന്റെ കണക്കുകൂട്ടൽ. നേതൃത്വത്തിന്റെ തീരുമാനത്തോട് തർക്കമില്ല. അത് അംഗീകരിക്കുന്നു. തീരുമാനത്തെ എതിർത്ത് പോടാ പുല്ലേ എന്ന് പറഞ്ഞ് ഇറങ്ങിയോടാൻ പറ്റില്ല. എന്നെ ജയിപ്പിച്ചവർ ഇവിടെയുണ്ട്. കൗൺസിലറായി അഞ്ചുവർഷം തുടരാമെന്ന് തീരുമാനിച്ച് ഇവിടെ ഇരിക്കാൻ അതാണ് തീരുമാനിച്ചത്” – ഇങ്ങനെയായിരുന്നു തിങ്കളാഴ്ച രാവിലെ ശ്രീലേഖയുടെ പ്രതികരണം.

