കോട്ടയം∙ പാലാ നഗരസഭയിൽ ദിയ ബിനു പുളിക്കക്കണ്ടം അധ്യക്ഷ. 26 അംഗ കൗൺസിലിൽ 12ന് എതിരെ 14 വോട്ടുനേടിയാണ് ദിയ ചെയർപഴ്സണായത്. യുഡിഎഫ് പിന്തുണയോടെയാണു സ്വതന്ത്ര അംഗം ദിയ ചെയർപഴ്സൻ സ്ഥാനത്ത് എത്തുന്നത്. 21 കാരിയായ ദിയ രാജ്യത്തെ തന്നെ പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷരിൽ ഒരാളാണ്. നഗരസഭ കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിന്റെ മകളാണ്.
കന്നി മത്സരത്തിനിറങ്ങിയ ദിയ മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്. പാലാ നഗരസഭയിൽ ബിനു പുളിക്കകണ്ടം, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കകണ്ടം, ബിനുവിന്റെ മകൾ ദിയ എന്നിവരാണ് സ്വതന്ത്രരായി വിജയിച്ചത്. പാലാ നഗരസഭയിലെ 13, 14, 15 വാർഡുകളിലാണ് ഇവർ മത്സരിച്ച് ജയിച്ചത്.കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം സജീവമായി പ്രവർത്തിച്ചയാളാണ് ബിജു. 40 വർഷം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി. സുകുമാരൻ നായർ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും.

