കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതി സനൂപ്. ഡോക്ടർക്കുള്ള വെട്ട് വീണാ ജോർജിനും ആരോഗ്യവകുപ്പിനും കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് പ്രതി പറഞ്ഞു. മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോൾ മാധ്യമങ്ങളോടായിരുന്നു പ്രതിയുടെ പ്രതികരണം. പ്രതിയെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.
ഇന്ന് വൈകിട്ടായിരുന്നു താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ ആക്രമണം നടന്നത്. മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ പിതാവാണ് ആക്രമണം നടത്തിയ സനൂപ്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വിപിൻ എന്ന ഡോക്ടർക്ക് നേരെയായിരുന്നു ആക്രമണം. വടിവാൾ ഉപയോഗിച്ച് സനൂപ് ആക്രമിക്കുകയായിരുന്നു. രണ്ട് മക്കൾക്കൊപ്പമായിരുന്നു ഇയാൾ ആശുപത്രിയിൽ എത്തിയത്. മക്കളെ പുറത്ത് നിർത്തിയ ശേഷം സൂപ്രണ്ടിനെ തിരഞ്ഞ് മുറിയിൽ എത്തി. ഇതിനിടെയാണ് ഡോക്ടർ വിപിനെ കാണുന്നതും ആക്രമിക്കുന്നതും. ഡോക്ടറുടെ തലയ്ക്കാണ് വെട്ടേറ്റത്. തലയോട്ടിയിൽ പത്ത് സെന്റീമീറ്റർ നീളത്തിൽ മുറിവേറ്റു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡോക്ടറെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ ഹെഡ് ഡോ. ഫാബിത് മൊയ്തീൻ പറഞ്ഞു. ഡോക്ടർക്ക് സംസാരിക്കാൻ കഴിയുന്നുണ്ട്. എന്താണ് സംഭവിച്ചത് എന്നത് ഓർമയുണ്ട്. ഡോക്ടറുടെ തലയിൽ മൈനർ സർജറി ആവശ്യമാണെന്നും ഡോ. ഫാബിത് മൊയ്തീൻ പറഞ്ഞു. ഡോക്ടർ വിപിനെ ഐസിയുവിലേക്ക് മാറ്റി.
സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വീണാ ജോർജ് രംഗത്തെത്തിയിരുന്നു. ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു. സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.

