പശ്ചിമേഷ്യ സംഘർഷം: താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു

  • Home-FINAL
  • GCC
  • പശ്ചിമേഷ്യ സംഘർഷം: താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു

പശ്ചിമേഷ്യ സംഘർഷം: താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു


ദുബായ്∙ ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം വീണ്ടും തുടങ്ങി. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചെന്ന് അധികൃതർ അറിയിച്ചിരുന്നു. ഡ്രോൺ, മിസൈൽ ആക്രമണം തടുത്തപ്പോൾ ഏതാനും അവശിഷ്ടങ്ങൾ (debris) വിമാനത്താവളത്തിനുള്ളിൽ വീണതിന് പിന്നാലെയാണ് (ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല) വിമാനത്താവളം അടച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. അതിനിടെ എമിറേറ്റ്സും തങ്ങളുടെ സർവീസുകൾ പുനരാരംഭിക്കും. നേരത്തേ ദുബായിൽ നിന്നും തിരിച്ചുമുള്ള തങ്ങളുടെ എല്ലാ സർവീസുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവച്ചെന്ന് എമിറേറ്റ്സ് അറിയിച്ചിരുന്നു. ടിക്കറ്റെടുത്ത യാത്രക്കാർക്ക് വിമാനത്താവളത്തിലേക്ക് വരാമെന്നും എമിറേറ്റ്സ് അറിയിച്ചു.

ഗൾഫിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ ഇന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് സർവീസുകൾ നടത്തുന്നുണ്ട്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ‌എന്നിവിടങ്ങളിൽ നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള ഷെഡ്യൂൾഡ് സർവീസ് ഇന്നുണ്ടായിരിക്കും. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് 2 ഫ്ലൈറ്റുകളുണ്ടാകും. ഇതിനു പുറമേ കോഴിക്കോട്-ജിദ്ദ-കോഴിക്കോട് ഷെഡ്യൂൾഡ് സർവീസും നടത്തും. നോൺ ഷെഡ്യൂൾഡ് വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ളത് കൊച്ചി-റാസൽഖൈമ-കൊച്ചി റൂട്ടാണ്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന 12 വിമാനങ്ങളും തിരുവനന്തപുരത്തേയ്ക്കുള്ള 9 വിമാനങ്ങളും റദ്ദാക്കി.

Leave A Comment