ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഏപ്രിൽ രണ്ടാം വാരത്തിൽ നടന്നേക്കും.തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി നിയമസഭ തിരഞ്ഞെടുപ്പുകളും കേരളത്തോടൊപ്പമാണ്.
ഈസ്റ്റർ കഴിഞ്ഞ് ഏപ്രിൽ ആറിനും വിഷുദിനമായ 15നും മധ്യേ കേരളത്തിൽ വോട്ടെടുപ്പ് നടത്താനാണ് ആലോചനയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സൂചന നൽകി. ഇതനുസരിച്ച് മാർച്ച് ആറിനും 12നും ഇടയിൽ അഞ്ചു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടായേക്കും.
തെരഞ്ഞെടുപ്പു പ്രഖ്യാപനം നടത്തുന്ന തീയതി മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരും. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്ന മാർച്ച് ഒൻപതിനു മുന്പായി വോട്ടെടുപ്പിന്റെ തീയതികളും ഘട്ടങ്ങളും പ്രഖ്യാപിക്കാൻ ശ്രമമുണ്ട്. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനു (എസ്ഐആർ) ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാകും കേരളം, തമിഴ്നാട്, ബംഗാൾ, പുതുച്ചേരി സംസ്ഥാനങ്ങളിൽ നടക്കുക. ആസാമിൽ എസ്ഐആർ നടത്തിയിട്ടില്ല.
2021ൽ ഏപ്രിൽ ആറിന് ഒറ്റ ദിവസമാണ് കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും വോട്ടെടുപ്പ് പൂർത്തിയാക്കിയത്. ആസാമിൽ മൂന്നു ഘട്ടവും പശ്ചിമബംഗാളിൽ മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ നീണ്ട എട്ടു ഘട്ടങ്ങളിലായുമായിരുന്നു പോളിംഗ്. കോവിഡിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളും പ്രത്യേക സന്നാഹങ്ങളും കഴിഞ്ഞതവണ ബൂത്തുകളിൽ ഒരുക്കിയിരുന്നു.
കേരളത്തിലും തമിഴ്നാട്ടിലും രണ്ടു ഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്നതു പരിഗണനയിലുണ്ട്. ബംഗാളിൽ കഴിഞ്ഞ തവണത്തേതുപോലെ എട്ടു ഘട്ടം വേണ്ടെന്നും ആറോ, ഏഴോ ഘട്ടമായി പോളിംഗ് പൂർത്തീകരിക്കാനും കമ്മീഷൻ ആലോചിക്കുന്നുണ്ട്. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ എസ്ഐആറിനുശേഷമുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പശ്ചിമബംഗാൾ, തമിഴ്നാട്, ആസാം, കേരള, പുതുച്ചേരി നിയമസഭകളുടെ അഞ്ചു വർഷത്തെ കാലാവധി യഥാക്രമം മേയ് ഏഴ്, 10, 20, 23 ജൂണ് 15 തീയതികളിൽ അവസാനിക്കും. ഇതിനുമുന്പായി തെരഞ്ഞെടുപ്പു നടപടികൾ പൂർത്തിയാക്കി പുതിയ നിയമസഭ രൂപീകരിക്കേണ്ടതുണ്ട്.

